Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ് ഭരണഘടനാ വിരുദ്ധം: സുപ്രീം കോടതി

ന്യൂഡല്‍ഹി: മുത്വലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഞ്ചംഗബെഞ്ചിലെ മൂന്ന് പേര്‍ ഭരണഘടനാ വിരുദ്ധമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ രണ്ടുപേര്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഖെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറുമാണ് മുത്വലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന് അഭിപ്രായപ്പെട്ടത്. എല്ലാവരുടെയും സമവായം തേടിയ ശേഷം ആറു മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിം വിവാഹത്തിന് പുതിയ നിയമം കൊണ്ടുവരണമെന്നും അതുവരെ മുത്വലാഖ് വഴിയുള്ള വിവാഹമോചനം ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. എല്ലാ ത്വലാഖും നിരോധിക്കണമെന്നും അങ്ങനെ ചെയ്താല്‍ കേന്ദ്രം വേറെ നിയമം കൊണ്ടുവരാമെന്നും കേന്ദ്രം വാദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിനു പുറമെ, ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രോഹിങ്ടണ്‍ നരിമാന്‍, യു.യു ലളിത്, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മുത്വലാഖ് മുസ്‌ലിം സ്ത്രീകളുടെ അന്തസ്സിനും ലിംഗസമത്വത്തിനും എതിരും മനുഷ്യാവകാശ ലംഘനവുമാണോ എന്ന കാര്യമാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. ബഹുഭാര്യത്വം ഈ കേസില്‍ പരിഗണിക്കുന്നില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിുന്നു. മുത്വലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശിനി സൈറാ ബാനു നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് വിധി. മൂന്നു ത്വലാഖും ഒന്നിച്ചുചൊല്ലുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് സമുദായാംഗങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും വാദത്തിനിടെ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മുത്വലാഖ് സമ്പ്രദായത്തിലൂടെ വിവാഹമോചനം നടത്തരുതെന്ന് വിവാഹ കരാര്‍ നടത്തുന്ന സമയത്ത് വരന്‍മാര്‍ക്ക് ഉപദേശം നല്‍കണമെന്ന് ഖാസിമാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

Related Articles