Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ് നിരോധിക്കണമെന്ന് വിമന്‍ ലോ ബോര്‍ഡ്

ന്യൂഡല്‍ഹി: മുത്വലാഖ് നിരോധിക്കണമെന്നും തോന്നിയപോലെ വിവാഹമോചനം ചെയ്യുന്ന പുരുഷന്മാര്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തണമെന്നും സ്ത്രീകള്‍ക്കും വിവാഹമോചനത്തിന് അവകാശം നല്‍കണമെന്നും ആള്‍ ഇന്ത്യ മുസ്‌ലിം വിമണ്‍ പേഴ്‌സണല്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും വിമന്‍സ് ലോ ബോര്‍ഡ് വ്യക്തമാക്കി.ഉടനടിയുള്ള വിവാഹ മോചനം ഖുര്‍ആനിക ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ മുത്വലാഖ് ചെയ്യുന്ന പുരുഷന്മാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വിമന്‍സ് ലോ ബോര്‍ഡ് പ്രസിഡണ്ട് ഷയിസ്ത അംബര്‍ പറഞ്ഞു.

ദമ്പതിമാര്‍ക്കിടയില്‍ അനുരഞ്ജനത്തിനുള്ള സമയം ഉണ്ടായിരിക്കണമെന്നും ഇടവേളകള്‍ കാത്ത്‌സൂക്ഷിക്കുകയും ഭാര്യയെ ഉപദേശിക്കുകയും ചെയ്ത ശേഷം മാത്രമേ വേര്‍പിരിയല്‍ പാടുള്ളു എന്നതാണ് ഖുര്‍ആനിക കാഴ്ചപ്പാടെന്നും അവര്‍ പറഞ്ഞു. അല്ലാത്ത പക്ഷം ഇത് മുസ്‌ലിം സ്ത്രീകള്‍ക്കു മുകളില്‍ തൂങ്ങിനില്‍ക്കുന്ന വാളായി നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ‘നിക്കാഹ് ഹലാല’ (മൂന്ന് ത്വലാഖും ചൊല്ലിയെ ഒരു സ്ത്രീയെ ആദ്യ ഭര്‍ത്താവിന് പുനര്‍വിവാഹം നടത്തണമെങ്കില്‍ മറ്റൊരു പുരുഷനുമായി താത്ക്കാലിക വിവാഹത്തില്‍ ഏര്‍പ്പെടുന്ന സമ്പ്രദായം)യും നിരോധിക്കണമെന്നതാണ് വിമന്‍സ് ലോ ബോര്‍ഡിന്റെ നിലപാടെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിന് ബോര്‍ഡ് എതിരാണെന്നും ഷയിസ്ത പറഞ്ഞു. ഞങ്ങള്‍ ശരീഅത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഏക സിവില്‍കോഡിന്റെ ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

Related Articles