Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ്; അലഹബാദ് ഹൈകോടതിയുടേത് നിരീക്ഷണം മാത്രമാണെന്ന് കമാല്‍ ഫാറൂഖി

ലക്‌നോ: മുത്വലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈകോടതി. ഇത് മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനക്ക് മുകളിലല്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. മുസ്‌ലിം സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അവകാശങ്ങള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഈ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് മുത്വലാഖ് എന്ന സാമുദായിക ആചാരം. ഒരു വ്യക്തി നിയമ ബോര്‍ഡും ഭരണഘടനക്ക് മുകളിലല്ല. ഭരണഘടനക്ക് അനുസൃതമായിട്ടായിരിക്കണം വ്യക്തി നിയമ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടനാ ലംഘനമായിട്ടുള്ള ആചാരങ്ങള്‍ നടത്താന്‍ ഒരു ബോര്‍ഡിനും അധികാരമില്ലെന്നും അലഹബാദ് ഹൈകോടതി വ്യക്തമാക്കി.
അലഹാബാദ് ഹൈകോടതിയുടേത് വിധിയല്ലെന്നും നിരീക്ഷണം മാത്രമാണെന്നും ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി മാധ്യമങ്ങളോട് പ്രതികരിച്ചു. എനിക്ക് എന്റെ മതമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ ഏറ്റവും പുരോഗമനമായ നിലപാടാണ് ഇസ്‌ലാമിനുള്ളത്. തലാഖ് ശരീഅ നിയമത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അതില്‍ ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈകോടതി നിലപാടിനെ മാനിക്കുന്നുവെന്നും എന്നാല്‍ അതില്‍ അതൃപ്തിയുണ്ടെങ്കില്‍ അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഭരണഘടനാപരമായി അവകാശമുണ്ടെന്നും പേഴ്‌സണല്‍ ലോ ബോര്‍ഡിലെ മറ്റൊരു അംഗമായ ഖാലിദ് റശീദ് ഫിരംഗി മഹലി വ്യക്തമാക്കി. ബോര്‍ഡിന്റെ നിയമ വേദി അതിനെ കുറിച്ച് പഠിക്കുമെന്നും അതിനെതിരെ അപ്പീലുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് താന്‍ കരുതുന്നില്ലെന്നും ചില വ്യക്തികള്‍ അത് ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ ആ വകുപ്പ് എടുത്തു കളയുന്നതിന് പകരം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അലഹബാദ് ഹൈകോടതി നിലപാടിനെ താന്‍ പിന്തുണക്കുന്നില്ലെന്നും ഹൈകോടതിയുടെ അഭിപ്രായം സുപ്രീംകോടതിയില്‍ നിലനില്‍ക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് റശീദ് ആല്‍വി പ്രതികരിച്ചു. ഒരാളും ഭരണഘടനക്ക് മുകളിലല്ലെന്നും ഒരു സമുദായത്തിന്റെ കാര്യത്തില്‍ ഒരാള്‍ക്കും ഇപെടാന്‍ സാധിക്കില്ലെന്നും റഷീദ് ആല്‍വി ചൂണ്ടിക്കാട്ടി.
മുത്വലാഖ് ചോദ്യം ചെയ്തുള്ള സമാന ഹരജികള്‍ സുപ്രീംകോടതിയുടേയും പരിഗണനയിലുണ്ട്. ഹരജിയില്‍മേല്‍ പരമോന്നത കോടതിയില്‍ വാദം നടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അലഹബാദ് ഹൈകോടതിയുടെ വിധിക്ക് വലിയ പ്രസക്തിയാണുള്ളത്. വിഷയത്തില്‍ അഖിലേന്ത്യ വ്യക്തി നിയമ ബോര്‍ഡും കേന്ദ്രസര്‍ക്കാറും നിലപാടുകള്‍ വിശദീകരിച്ചു കൊണ്ട് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. മുത്വലാഖ് നിരോധിക്കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, മുത്വലാഖ് ഭരണഘടന അനുസരിച്ചുള്ള സാമുദായിക ആചാരമാണെന്നും ഇത്തരത്തിലുള്ള ആചാരങ്ങള്‍ വെച്ചു പുലര്‍ത്താന്‍ മുസ്‌ലിം സമുദായത്തിന് അവകാശമുണ്ടെന്നും പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നിലപാട്.

Related Articles