Current Date

Search
Close this search box.
Search
Close this search box.

മുത്തലാഖ് ബില്‍ പിന്‍വലിക്കണം: ജമാഅത്തെ ഇസ്‌ലാമി

പാലക്കാട്: ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ ഭരണഘടനക്കും സ്ത്രീതാല്‍പര്യങ്ങള്‍ക്കും ഇസ്‌ലാമിക ശരീഅത്തിനും വിരുദ്ധമായതിനാല്‍ പിന്‍വലിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചന സമിതി. ബില്‍, മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25ാം വകുപ്പിന് എതിരാണ്. ബില്ലിലെ അഞ്ചാം വകുപ്പനുസരിച്ച് മുത്തലാഖ് ചൊല്ലുന്ന പുരുഷന്‍ ഭാര്യക്കും മക്കള്‍ക്കും ചെലവിനു നല്‍കണം. എന്നാല്‍, ജയിലിലടക്കപ്പെട്ടാല്‍ ഇയാള്‍ക്ക് എങ്ങനെയാണ് ചെലവിന് നല്‍കാനാകുക.

ഇസ്‌ലാമിക ശരീഅത്ത് അടക്കമുള്ള വിഷയങ്ങളില്‍ പാണ്ഡിത്യമുള്ളവരുമായും മുസ്‌ലിം-സ്ത്രീ സംഘടനകളുമായും ചര്‍ച്ച നടത്താതെ തിരക്കിട്ട് ബില്‍ പാസാക്കിയതില്‍ യോഗം ആശ്ചര്യം പ്രകടിപ്പിച്ചു. നിയമനിര്‍മാണത്തിനുപകരം സാമൂഹികപരിഷ്‌കരണ നടപടികളിലൂടെ വേണം മുത്തലാഖിനെ സമീപിക്കാനെന്നും യോഗം അഭിപ്രായപ്പെട്ടു. ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെയും യോഗം അപലപിച്ചു.

ട്രംപിന്റെ പ്രഖ്യാപനം ഏകപക്ഷീയവും നീതിക്ക് നിരക്കാത്തതുമാണ്. തീരുമാനത്തിനെതിരെ യു.എന്‍ സുരക്ഷാസമിതിയില്‍ നിലപാടെടുത്ത കേന്ദ്രസര്‍ക്കാറിനെ യോഗം അഭിനന്ദിച്ചു. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച യോഗം, കഴിഞ്ഞവര്‍ഷം 70 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ സാമ്പത്തികനയമാണ് ഇതിനിടയാക്കിയത്.

നോട്ടുനിരോധനം ബുദ്ധിഹീനമായ കാല്‍വെപ്പായിരുന്നു. ആസൂത്രണമില്ലാതെ നടപ്പാക്കിയ ചരക്കുസേവനനികുതി ചെറുകിടവ്യവസായമേഖലയെ വന്‍ നഷ്ടത്തിലാക്കി. പൊതുജനങ്ങളെ ബാധിക്കുന്ന സേവനങ്ങളുടെയും ഉല്‍പന്നങ്ങളുടെയും നികുതിനിരക്ക് ശരിയായി പുനര്‍നിര്‍ണയിക്കണം. ജി.എസ്.ടി കൗണ്‍സിലിനെ പാര്‍ലമെന്റിന്റെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

 

 

 

 

Related Articles