Current Date

Search
Close this search box.
Search
Close this search box.

മാസിന്‍ ഫുഖഹാഇന്റെ കൊലയാളി അല്‍ഖസ്സാം പിരിച്ചുവിട്ടയാള്‍

ഗസ്സ: ഹമാസ് നേതാവും ഇസ്രയേല്‍ ജയിലിലെ മുന്‍ തടവുകാരനുമായ മാസിന്‍ ഫുഖഹാഇന്റെ കൊലപാതകത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന് ഹമാസ് ആവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കൊലയാളിയെ ഹമാസ് സുരക്ഷാ വിഭാഗം പിടികൂടിയതായി പ്രഖ്യാപിച്ച ശേഷമാണ് ഇക്കാര്യം ഹമാസ് വീണ്ടും പറയുന്നത്. ഫുഖഹാഇനെ കൊലപ്പെടുത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ വിഭാഗത്തിന് സാധിച്ചിട്ടുണ്ടെന്നും കൊലയാളിക്കും അതുമായി ബന്ധമുള്ള എല്ലാവര്‍ക്കും നേരെ നീതിയുക്തമായ പ്രതിക്രിയ നടപ്പാക്കുമെന്നും ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ വ്യാഴാഴ്ച്ച വൈകിയിട്ട് ഗസ്സയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ അല്‍ഖസ്സാമില്‍ അംഗമായിരുന്ന, പിന്നീട് സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട ആളാണ് കൊലയാളിയെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് തീവ്രസലഫി ഗ്രൂപ്പില്‍ അംഗമായ അദ്ദേഹത്തെ ഇസ്രയേലിന്റെ മൊസാദ് വിലക്കെടുക്കുയായിരുന്നുവെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
മാര്‍ച്ച് 24ന് നടപ്പാക്കപ്പെട്ട പ്രസ്തുത കൊലപാതകത്തിനുള്ള കല്‍പന നല്‍കിയത് അധിനിവേശ ഇസ്രയേലാണെന്നും കുറ്റകൃത്യത്തില്‍ അവര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന മുഴുവന്‍ വിശദാംശങ്ങളും തെളിവുകളും വെളിപ്പെടുത്തുമെന്നും ഹനിയ്യ പറഞ്ഞു. അതിന്റെ വിശദീകരണത്തിനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊലയാളിയെ കുറിച്ച് നാല് ദിവസം മുമ്പേ പ്രഖ്യാപിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ എല്ലാ വിശദാംശങ്ങളും ലഭിക്കുന്നതിനായി സാവകാശം കാണിക്കുകയായിരുന്നു. കുറ്റകൃത്യത്തിലെ ദുരൂഹതകള്‍ നീക്കുന്നതിനായി സുരക്ഷാവിഭാഗം രാപ്പകല്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നും സുരക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തില്‍ അഭിമാനം പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ സുരക്ഷാവിഭാഗത്തിനേറ്റ കനത്ത പ്രഹരമായി വിശേഷിപ്പിച്ച ഈ അറസ്റ്റ് ചരിത്ര നിമിഷമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles