Current Date

Search
Close this search box.
Search
Close this search box.

മാധ്യമങ്ങളോട് സംസാരിച്ച റോഹിങ്ക്യന്‍ മുസ്‌ലിം കൊല്ലപ്പെട്ട നിലയില്‍

യാങ്കൂണ്‍: ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച റോഹിങ്ക്യന്‍ മുസ്‌ലിമിന്റെ മൃതദേഹം തലവേര്‍പെടുത്തിയ നിലയില്‍ നദിക്കരയില്‍ നിന്നും കണ്ടെടുത്തു. ഭരണകൂടത്തിന്റെ അറിവോടെ മ്യാന്‍മറിലെ റാഖൈന്‍ പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച നാല്‍പ്പത്തൊന്നുകാരനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് മാസത്തിലേറെ കാലമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കാത്ത പ്രദേശങ്ങളില്‍ കൂടിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ യാത്ര അത്യപൂര്‍വ സംഭവമാണെന്നും ഇന്‍ഡിപെന്‍ഡന്റ് പത്രം റിപോര്‍ട്ട് ചെയ്യുന്നു.
ആക്രമണങ്ങളില്‍ മ്യാന്‍മര്‍ സൈന്യത്തിനുള്ള പങ്കിനെയും അതിനോടുള്ള ഗ്രാമവാസികളുടെ സഹകരണത്തെയും കുറിച്ച് കൊല്ലപ്പെട്ട വ്യക്തി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തലയില്ലാത്ത മൃതദേഹം അദ്ദേഹത്തിന്റേത് തന്നെയാണെന്ന് ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബം തങ്ങളുടെ ആശങ്ക മാധ്യമ സംഘത്തോട് പങ്കുവെച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അദ്ദേഹത്തെ കാണാതായതെന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ഉദ്ധരിച്ച് എ.എഫ്.പി റിപോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച്ചയാണ് തലയില്ലാത്ത നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം നദിക്കരയില്‍ നിന്നും കണ്ടെടുത്തത്.

Related Articles