Current Date

Search
Close this search box.
Search
Close this search box.

മസ്ജിദ് നിര്‍മിക്കുന്നതിനെതിരെ ജര്‍മനിയില്‍ കുരിശ് സ്ഥാപിച്ച് പ്രതിഷേധം

ബര്‍ലിന്‍: ജര്‍മനയിലെ എര്‍ഫൂര്‍റ്റ് നഗരത്തില്‍ തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് വകവെക്കാതെ മസ്ജിദ് നിര്‍മിക്കാന്‍ പ്രാദേശിക ഭരണകൂടം അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ആളുകള്‍ മസ്ജിദ് നിര്‍മാണത്തിനുദ്ദേശിച്ച സ്ഥലത്ത് മരക്കുരിശുകള്‍ സ്ഥാപിച്ചു. മസ്ജിദ് നിര്‍മാണത്തിന് തെരെഞ്ഞെടുത്തിരിക്കുന്ന സ്ഥലം നഗരത്തിലെ ജനവാസ മേഖലയാണെന്ന് ‘യൂറോ ന്യൂസ്’ റിപോര്‍ട്ട് ചെയ്തു. മസ്ജിദ് നിര്‍മാണത്തിന് പ്രാദേശിക തലത്തില്‍ ജനഹിത പരിശോധന നടത്തണമെന്ന് ജര്‍മനിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ‘ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി’ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മസ്ജിദ് നിര്‍മാണത്തിന് അംഗീകാരം നല്‍കിയ പ്രാദേശിക ഭരണകൂടം ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാര്‍ഗം പ്രദേശത്തെ ജനങ്ങളുമായി ചര്‍ച്ച നടത്തലാണെന്ന് പ്രാദേശിക ഭരണകൂടത്തിലെ മീഡിയ വിഭാഗം പ്രഖ്യാപിച്ചു.
പ്രദേശത്തെ ജനങ്ങളില്‍ മസ്ജിദ് നിര്‍മാണത്തെ അനുകൂലിക്കുന്നവരും പ്രതികരിക്കുന്നവരുമുണ്ട്. നഗരത്തില്‍ മസ്ജിദ് നിര്‍മിക്കുന്നത് അഭയാര്‍ഥികളുടെ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിന് പ്രചോദനമാകുമെന്ന് മസ്ജിദിനെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെട്ടു. അതേസമയം അഭയാര്‍ഥികളായി വരുന്നവര്‍ക്ക് ജര്‍മനിയില്‍ പുതുജീവിതം ആരംഭിക്കാനുള്ള അവസരം നല്‍കണമെന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ സമര പ്രതീകമായി കുരിശ് ഉപയോഗിച്ചതില്‍ തൂരിന്‍ഗന്‍ പ്രദേശത്തെ രണ്ട് ചര്‍ച്ചുകള്‍ സംയുക്ത പ്രസ്താവനയില്‍ പ്രതിഷേധം രേഖപ്പെടുത്തി.

Related Articles