Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സ അടച്ചതിനെ അപലപിച്ച് ഖത്തറും കുവൈത്തും ജോര്‍ദാനും

അമ്മാന്‍: രണ്ട് ഇസ്രയേല്‍ പോലീസുകാരുടെയും മൂന്ന് ഫലസ്തീനികളുടെയും മരണത്തിന് കാരണമായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് മസ്ജിദുല്‍ അഖ്‌സ അടച്ചിടുകയും അവിടെ ജുമുഅ നമസ്‌കരിക്കാനെത്തിയവരെ തടയുകയും ചെയ്ത ഇസ്രയേല്‍ നടപടിക്കെതിരെയുള്ള പ്രതിഷേധങ്ങളും അപലപിക്കലുകളും തുടരുന്നു. വിശുദ്ധ ഹറമില്‍ ജുമുഅ തടയുകയും സൈനിക മേഖലയായി അതിനെ പ്രഖ്യാപിക്കുകയും ചെയ്ത ഇസ്രയേലിന്റെ നടപടിയില്‍ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുസ്‌ലിം വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യുന്ന പ്രകോപനപരമായ നടപടിയാണിതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഇസ്‌ലാമിന്റെ വിശുദ്ധ പ്രദേശങ്ങളുടെ പവിത്രത ലംഘിച്ചു കൊണ്ടുള്ള അപകടകരമായ നടപടിയാണ് ഇസ്രയേലിന്റെ തീരുമാനമെന്ന് ഖത്തര്‍ പ്രതികരിച്ചു. ലോകത്തെ കോടിക്കണക്കിന് മുസ്‌ലിംകളുടെ വികാരത്തെയത് വ്രണപ്പെടുത്തുന്നുണ്ടെന്നും ഇത്തരം ലംഘനങ്ങള്‍ക്ക് തടയിടേണ്ട ഉത്തരവാദിത്വം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. മസ്ജിദുല്‍ അഖ്‌സ വിശ്വാസികള്‍ക്ക് നമസ്‌കരിക്കാനായി ഉടന്‍ തുറന്നു കൊടുക്കണമെന്ന് ജോര്‍ദാന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യത്തിനായി ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ജോര്‍ദാന്‍ ഭരണകൂടം സംഭാഷണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. ഖുദ്‌സിന്റെയും മസ്ജിദുല്‍ അഖ്‌സയുടെയും അതിന്റെ വിശുദ്ധ ഹറമിന്റെയും ചരിത്രപരമായ അവസ്ഥക്ക് മാറ്റം വരുത്തുന്ന യാതൊരുവിധ നടപടിയും സ്വീകരിക്കരുതെന്നും ജോര്‍ദാന്‍ ആവശ്യപ്പെട്ടു.
അറബ് ലീഗ് ജനറല്‍ സെക്രട്ടറി അഹ്മദ് അബൂല്‍ഗൈത്തും ലോക മുസ്‌ലിം പണ്ഡിതവേദിയും മസ്ജിദുല്‍ അഖ്‌സ അടച്ച ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. മസ്ജിദുല്‍ അഖ്‌സയില്‍ ജുമുഅ തടഞ്ഞ ഇസ്രയേല്‍ നടപടി യാതൊരുവിധ ന്യായീകരണവുമില്ലാത്തതാണെന്ന് തുര്‍ക്കി മതകാര്യ വകുപ്പ് അധ്യക്ഷന്‍ മുഹമ്മദ് ഗോര്‍മാസ് പറഞ്ഞു.

Related Articles