Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സയില്‍ മുസ്‌ലിംകള്‍ക്ക് ഉപാധികളില്ലാതെ പ്രവേശനം നല്‍കണം: എര്‍ദോഗാന്‍

അങ്കാറ: വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും ഭാഗമായി മുസ്‌ലിംകള്‍ക്ക് ഉപാധികളില്ലാതെ മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശനം അനുവദിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ ഇസ്രയേല്‍ പ്രസിഡന്റ റൂവിന്‍ റിവ്‌ലിനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. ജൂലൈ 14ന് മസ്ജിദുല്‍ അഖസയിലുണ്ടായ സംഭവങ്ങളിലും ആള്‍നാശത്തിലും എര്‍ദോഗാന്‍ തന്റെ സംഭാഷണത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. ആക്രമണത്തെ പിന്തുണക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അതിലുണ്ടായ മരണങ്ങളില്‍ ദുഖം രേഖപ്പെടുത്തി. അഖ്‌സയുടെയും ചുറ്റുപാടിന്റെയും പവിത്രതയെയും അതിന്റെ ചരിത്രപ്രാധാന്യത്തെയും ആദരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ആണയിട്ടു. സംഘര്‍ഷം അവസാനിപ്പിക്കുകയും മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നവരെ പരിശോധിക്കുന്നത് (പുതുതായി സ്ഥാപിച്ച ഇലക്ട്രോണിക് ഗേറ്റുകളെ സൂചിപ്പിച്ചു കൊണ്ട്) വേണ്ടെന്ന് വെക്കുകയും ചെയ്യണമെന്നും എര്‍ദോഗാന്‍ കൂട്ടിചേര്‍ത്തു.
നിലവില്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ സുരക്ഷ മുന്‍നിര്‍ത്തിയാണെന്നും മസ്ജിദുല്‍ അഖ്‌സയുടെ തല്‍സ്ഥിതിക്ക് ഒരു മാറ്റവും വരുത്തില്ലെന്നും ഇസ്രയേല്‍ പ്രസിഡന്റ് പറഞ്ഞു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും എര്‍ദോഗാന്‍ ഇന്ന് പുലര്‍ച്ചെ എര്‍ദോഗാന്‍ സംഭാഷണം നടത്തിയിരുന്നു.

Related Articles