Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സക്ക് വേണ്ടി രംഗത്ത് വരാന്‍ ഹമാസ് ആഹ്വാനം

വെസ്റ്റ്ബാങ്ക്: മസ്ജിദുല്‍ അഖ്‌സയുടെ നിലവിലെ അവസ്ഥക്ക് മാറ്റം വരുത്താനും പുതിയ സ്ഥിതി അടിച്ചേല്‍പിക്കാനും ഇസ്രയേല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ അടിയന്തിരമായി ഇടപെടണമെന്ന് വെസ്റ്റ്ബാങ്കിലെ ഹമാസ് ആഹ്വാനം ചെയ്തു. മസ്ജിദുല്‍ അഖ്‌സയുടെ അല്‍അസ്ബാത്വ് ഗേറ്റിലേക്കുള്ള വഴിയിലുണ്ടായിരുന്ന ചില മരങ്ങളും കല്ലുകളും ഇസ്രയേല്‍ ബുള്‍ഡോസറുകള്‍ നീക്കിയതായും ഹമാസ് വക്താവ് ഹുസ്സാം ബദ്‌റാന്റെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവന വ്യക്തമാക്കി. ഇസ്രയേല്‍ അതിക്രമങ്ങളെ നേരിടുന്നതില്‍ രാവും പകലും മസ്ജിദുല്‍ അഖ്‌സക്ക് വേണ്ടി കാവലിരിക്കുന്ന ഖുദ്‌സ് നിവാസികളെയല്ലാതെ മറ്റാരെയും കാണപ്പെടുന്നില്ലെന്നും മുസ്‌ലിം സമൂഹത്തിന്റെ നിലവിലെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യുകയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മുസ്‌ലിം സമൂഹത്തിന്റെ അന്തസിനും വിശുദ്ധ ഗേഹത്തിനും വേണ്ടി ഖുദ്‌സിലെ യുവാക്കള്‍ മഹത്തായ ത്യാഗങ്ങളാണിന്ന് സമര്‍പ്പിക്കുന്നത്. നമ്മുടെ ജനതയും അറബ് മുസ്‌ലിം സമൂഹങ്ങളും സാധ്യമായ രീതിയിലെല്ലാം അതിന് വേണ്ടി രംഗത്ത് വരണം. കാരണം അല്‍അഖ്‌സ മുഴുവന്‍ മുസ്‌ലിംകളുടെയും സ്വത്താണ്. അതിന്റെ മോചനം എല്ലാവരുടെയും ബാധ്യതയുമാണ്. എന്ന് ബദ്‌റാന്‍ പറഞ്ഞു.
ഖുദ്‌സും ഖുദ്‌സ്‌നിവാസികളും ഒറ്റപ്പെടാതിരിക്കാനും അല്‍അഖ്‌സയിലെ തല്‍സ്ഥിതിക്ക് മാറ്റം വരുത്തുന്നത് അംഗീകരിക്കില്ലെന്ന സന്ദേശം അധിനിവേശകര്‍ക്ക് നല്‍കാനും ചെക്ക്‌പോയന്റുകളിലേക്ക് തിരിക്കാനും ശത്രുവിനെ അസ്വസ്ഥപ്പെടുത്താനും വെസ്റ്റ്ബാങ്കിലെ യുവാക്കളോട് ഹമാസ് ആഹ്വാനം ചെയ്തു.

ഔഖാഫ് റിപോര്‍ട്ട് ലഭിക്കുന്നത് വരെ മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കരുത്
മസ്ജിദിന്റെ അവസ്ഥ സംബന്ധിച്ച ഇസ്‌ലാമിക് ഔഖാഫിന്റെ റിപോര്‍ട്ട് ലഭിക്കുന്നത് വരെ നമസ്‌കരിക്കാനായി മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കരുതെന്ന് ഖുദ്‌സിലെ സുപ്രീം മുസ്‌ലിം കൗണ്‍സില്‍ അധ്യക്ഷനും ഇമാമുമായ ശൈഖ് ഇക്‌രിമ സ്വബ്‌രി നിര്‍ദേശിച്ചു. നഗരത്തിലെ ഇസ്‌ലാമിക കേന്ദ്രങ്ങളുടെ തീരുമാനമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രസ്തുത റിപോര്‍ട്ട് ഇന്ന് രാത്രി കിട്ടിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദുല്‍ അഖ്‌സ കവാടങ്ങളില്‍ ഇസ്രയേല്‍ സ്ഥാപിച്ച ഇലക്ട്രോണിക് ഗേറ്റുകള്‍ പോലീസ് മാറ്റിയതിന് ശേഷമുള്ള നിലപാട് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വങ്ങള്‍ ഖുദ്‌സില്‍ യോഗം ചേര്‍ന്നിരുന്നു.

Related Articles