Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സക്ക് അറബ് ലോകത്തു നിന്നും മതിയായ പിന്തുണ ലഭിക്കുന്നില്ല

വെസ്റ്റ്ബാങ്ക്: മസ്ജിദുല്‍ അഖ്‌സയിലെയും ഖുദ്‌സിലെയും സംഭവങ്ങളില്‍ അറബ് ഇസ്‌ലാമിക ലോകത്ത് നിന്ന് മതിയായ പ്രതികരണവും ഐക്യദാര്‍ഢ്യവും ഉണ്ടായിട്ടില്ലെന്ന് ഫലസ്തീന്‍ രാഷ്ട്രീയ നേതാക്കള്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെടുന്നു. അറബ് മുസ്‌ലിം നാടുകളിലെ ആഭ്യന്തര പ്രശ്‌നങ്ങളും രാജ്യങ്ങളില്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളുമാണ് അതിന് കാരണമെന്നും അവര്‍ വ്യക്തമാക്കി. മസ്ജിദുല്‍ അഖ്‌സക്കും നമസ്‌കാരം നിര്‍വഹിക്കാനായി അതിന്റെ ഗേറ്റുകളില്‍ എത്തിചേര്‍ന്നിട്ടുള്ളവര്‍ക്കും നേരെ കൂടുതല്‍ അതിക്രമങ്ങളുണ്ടായേക്കുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുള്ള പശ്ചാത്തലത്തിലാണിത്.
അറബ് രാഷ്ട്രങ്ങള്‍ തങ്ങളുടെ അമ്പുകള്‍ പരസ്പരം തൊടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ശത്രുവിനെ രാഷ്ട്രീയമായും സാമ്പത്തികമായും നയതന്ത്രപരമായും നേരിടുന്നതിന് ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഗ്രീന്‍ലൈനിനകത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഉപാധ്യക്ഷന്‍ മന്‍സൂര്‍ അബ്ബാസ് ആവശ്യപ്പെട്ടു. അറബ് സഹോദര രാഷ്ട്രങ്ങളുടെ പിന്തുണയും സഹായവും ആവശ്യപ്പെടാന്‍ അവകാശമുണ്ടെങ്കിലും ഫലസ്തീന്‍ ജനത അവരുടെ ഭാഗത്തുനിന്നുള്ള സഹായത്തില്‍ അമിത പ്രതീക്ഷ വെച്ചുപുലര്‍ത്താതെ സ്വന്തം നിലക്ക് തന്നെ അധിനിവേശകരെ പ്രതിരോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിലവിലെ ഫലസ്തീന്‍ ജനതയുടെ മുന്നേറ്റത്തിന് അറബ് മുസ്‌ലിം ലോകത്തിന്റെ പിന്തുണ അത്യാവശ്യമാണെന്നും അവര്‍ മൗനം തുടരുന്നത് മസ്ജിദുല്‍ അഖ്‌സക്ക് വേണ്ടി നിലകൊള്ളുന്ന നിരായുധരായ ഗാര്‍ഡുകള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രയേലിന് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മസ്ജിദുല്‍ അഖ്‌സയുടെ ഗേറ്റുകളില്‍ നിത്യേനെ പണ്ഡിതന്‍മാരും ഇമാമുമാരും ആക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുമ്പോള്‍ അഖ്‌സക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അറബ് തലസ്ഥാനങ്ങളിലും പ്രധാനനഗരങ്ങളിലും പ്രകടനങ്ങള്‍ നടത്താത്തതിനെയും അബ്ബാസ് വിമര്‍ശിച്ചു.

Related Articles