Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുകള്‍ക്കെതിരായ ഭീകരാരോപണത്തെ നിഷേധിച്ച് ഫ്രഞ്ച് മുസ്‌ലിംകള്‍

പാരീസ്: മസ്ജിദുകള്‍ ‘ഭീകരരെ വിരിയിക്കുന്നു’ എന്ന ആരോപണത്തെ നിഷേധിച്ച് ഫ്രഞ്ച് മുസ്‌ലിം സമൂഹം. ഫ്രഞ്ച് നഗരങ്ങളിലുണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം മസ്ജിദുകളും അവക്കുള്ള ഫണ്ടും ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വന്നിരിക്കുകയാണ്. രാജ്യത്തെ മസ്ജിദുകള്‍ക്കുള്ള വിദേശ ഫണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഭരണകൂടം നീക്കം നടത്തുന്നുണ്ടെന്നതും വ്യക്തമാണ്. ഫ്രാന്‍സില്‍ ഈയടുത്തുണ്ടായ ആക്രമണങ്ങള്‍ നടത്തിയവരെ ഉല്‍പാദിപ്പിച്ചത് മസ്ജിദുകളാണെന്ന ആരോപണത്തെ വടക്കന്‍ പാരീസിലെ ഫെഡറേഷന്‍ ഓഫ് മുസ്‌ലിം ഓര്‍ഗനൈസേഷന്‍സ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീശ് നിഷേധിച്ചു. മാത്രമല്ല ആക്രമണം നടത്തിയവര്‍ മസ്ജിദുകളെ വെറുത്തിരുന്നവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. തീവ്രചിന്ത വെച്ചുപുലര്‍ത്തുന്ന യുവാക്കള്‍ തങ്ങളുടെ മസ്ജിദുകളില്‍ വരാറില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ജൂലൈ അവസാനത്തില്‍ ഫ്രാന്‍സിലെ റൂവനിലുള്ള ചര്‍ച്ചില്‍ കയറി ക്രിസ്ത്യന്‍ പുരോഹിതന്‍ കഴുത്തറുത്ത് കൊലപ്പെടുത്തപ്പെട്ടതിന് ശേഷം ഫ്രാന്‍സിലെ മുസ്‌ലിം സമൂഹത്തിന് നേര്‍ക്ക് കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. രണ്ട് പേര്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ഫ്രാന്‍സില്‍ മസ്ജിദുകളോ പ്രാര്‍ഥനാ ഹാളുകളോ നിര്‍മിക്കാനുള്ള മുന്നൂറോളം പ്രൊജക്ടുകള്‍ നിലവിലുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് വിദേശ ഫണ്ടുകള്‍ ഉപയോഗിക്കുന്നത് വിലക്കുന്ന നിയമം അതിന് തടസ്സമായി മാറിയിരിക്കുകയാണ്. മസ്ജിദുകള്‍ക്കുള്ള ഫണ്ടുകള്‍ സംശയത്തിന്റെ നിഴലിലായിരിക്കെ സംഭാവനകള്‍ സ്വീകരിക്കുന്നവര്‍ അതില്‍ കൂടുതല്‍ സുതാര്യത കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles