Current Date

Search
Close this search box.
Search
Close this search box.

മലബാറിലെ വിദ്യാര്‍ത്ഥികള്‍ കാമ്പസുകളെ കൂടുതല്‍ സര്‍ഗാത്മകമാക്കി: എം.എച്ച് ഇല്ല്യാസ്

ന്യൂഡല്‍ഹി: ഗള്‍ഫ് കുടിയേറ്റാനന്തരം മലബാറില്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായ ഉണര്‍വ്വുകള്‍ ഇന്ത്യയിലെമ്പാടുമുള്ള ഉന്നത കലായങ്ങളിലേക്കും സര്‍വ്വകലാശാലകളിലേക്കുമുള്ള വിദ്യാഭ്യാസത്തിനായുള്ള പലായനങ്ങളെ സഹായിച്ചുവെന്നും, അഗ്രഹാരങ്ങളായിരുന്ന കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഇന്ത്യയിലെ കീഴാള രാഷ്ട്രീയത്തിനു സംവാദാത്മകമായ നേതൃത്വം നല്‍കുവാനും മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചുവെന്നും ജാമിഅ മില്ലിയ ഇന്തോ അറബ് കള്‍ച്ചറല്‍ സെന്റര്‍ ഡയറക്റ്റര്‍ പ്രൊഫ: എം.എച്ച് ഇല്ല്യാസ് അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ വിവിധ സര്‍വ്വകാലാശാലകളിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കുള്ള പീപ്പിള്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നിരവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിശിഷ്യാ മലബാറിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ വര്‍ധിച്ച സാന്നിധ്യം ഇന്ത്യയിലെ കാമ്പസുകള്‍ക്കകത്തെ ജനാധിപത്യ ഉണര്‍വിനെ സജീവമാക്കുന്നുണ്ട് എന്നത് മാറിവരുന്ന ഇന്ത്യന്‍ സാഹചര്യത്തിലും ഏറെ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തിലെ കാമ്പസുകളില്‍ അക്രമ മാര്‍ഗ്ഗത്തിലൂടെ ഇടത് വരേണ്യ രാഷ്ട്രീയം അരക്കെട്ടുറപ്പിക്കുമ്പോള്‍ അവിടെയും മലബാറിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ചെറുത്തുനില്‍പ്പുകള്‍ രചനാത്മകമാണ്.
തങ്ങള്‍ക്ക് ആധിപത്യമുള്ള ‘മടപ്പളളികളില്‍’ മസിലും മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ സ്വാധീന മേഖലകളായ ‘ഫാറൂഖ്കളില്‍’ സദാചാര ചോദ്യങ്ങള്‍ ഉന്നയിച്ചും, മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ വിശ്വാസ വൈവിധ്യത്തെ നിരാകരിക്കുവാനാണ് ഇടത് വിദ്യാര്‍ഥി സംഘങ്ങള്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഡല്‍ഹി മലയാളി ഹല്‍ഖ പ്രസിഡണ്ട് പി.കെ നൗഫല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജാമിഅ മില്ലിയ ജോയിന്റ് രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മാലിക് മുഖ്യാതിഥിയായിരുന്നു. തൊഴില്‍ നേടാനല്ല മറിച്ച് മറ്റനേകം ആളുകള്‍ക്ക് തൊഴില്‍ നല്‍കാനാവണം നമ്മുടെ വിദ്യാഭ്യാസങ്ങളുടെ ഊന്നല്‍ എന്ന് ഡോ. അബ്ദുല്‍ മാലിക് അഭിപ്രായപ്പെട്ടു. മലയാളികളായ സഹോദരിമാര്‍ ഉന്നത പഠനങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വളരെ ആവേശത്തോടെ സ്വന്തമാക്കുന്നത് ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് ജി.ഐ.ഒ മുന്‍ സംസ്ഥാന പ്രസിടണ്ട് പി. റുക്‌സാന അഭിപ്രായപ്പെട്ടു.
ഡല്‍ഹി സര്‍വ്വകലാശാല, ജാമിഅ മില്ലിയ, ജെ.എന്‍.യു തുടങ്ങിയ സര്‍വ്വകലാശാലകളിലെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്. ഗേറ്റ് പരീക്ഷയില്‍ 86 റാങ്ക് നേടിയ ഹസീന ബിന്‍ത്ത് അലിക്ക് ഉപഹാരം സമ്മാനിച്ചു.

Related Articles