Current Date

Search
Close this search box.
Search
Close this search box.

മര്‍കസിന്റെ ഖല്‍ഫാന്‍ കാമ്പസ് കാണാന്‍ ദുബൈ സുരക്ഷാ മേധാവിയെത്തി

കോഴിക്കോട്:  ദുബൈ സുരക്ഷാ തലവനും ലിറ്റനന്റ് ജനറലുമായ  ദാഹി ഖല്‍ഫാന്‍ തമീം മര്‍കസ് സന്ദര്‍ശിച്ചു. തന്റെ പിതാവ് ഇരുപത് വര്‍ഷം മുമ്പ് സ്ഥാപിച്ച കൊയിലാണ്ടിയിലെ ഖല്‍ഫാന്‍ ഖുര്‍ആനിക പഠന കേന്ദ്രം സന്ദര്‍ശിക്കാനും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍  മര്‍കസ് സ്ഥാപനങ്ങളിലൂടെ നടക്കുന്ന  വൈജ്ഞാനിക സേവന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും വേണ്ടിയായിരുന്നു ദാഹി ഖല്‍ഫാന്‍ കോഴിക്കോട് എത്തിയത്. മര്‍കസിന്റെ വിവിധ കാമ്പസുകള്‍ അദ്ദേഹം സദര്‍ശിച്ചു.
     കൊയിലാണ്ടി പാറപ്പള്ളിയില്‍ പിതാവ് ഖല്‍ഫാന്‍ തമീം സ്ഥാപിച്ച ഖുര്‍ആന്‍ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം അദ്ദേഹം മണിക്കൂറുകള്‍ ചെലവഴിച്ചു. മര്‍കസ് സ്ഥാപങ്ങളിലെ വിദ്യാര്‍ത്ഥികളുടെ  ഖുര്‍ആന്‍ പാരായണ ശൈലി അതീവ മനോഹരമാണെന്നും ശാസ്ത്രീയമായ പഠന സംവിധാനങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ മാനസിക ആത്മീയ ശേഷി പുഷ്ടിപ്പെടുത്തും വിധം ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കൊണ്ടാണിത് സാധ്യമാകുന്നെതെന്ന് ദാഹി ഖല്‍ഫാന്‍ പറഞ്ഞു.
തുടര്‍ന്ന് കാരന്തൂരിലെ മര്‍കസ് പ്രധാന കാമ്പസില്‍ ദാഹി ഖല്‍ഫാന് വിപുലമായ സ്വീകരണം നല്‍കി. ഇന്ത്യക്കാര്‍ സഹിഷ്ണുതയും സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുമ്പോള്‍ തന്നെ ബഹുസ്വരമായ ജീവിത സംസ്‌കാര രീതികള്‍ വെച്ചുപുലര്‍ത്തുന്നവരാണെന്നും  അദ്ദേഹം പറഞ്ഞു. മര്‍കസ് സ്ഥാപനങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ഇസ്‌ലാമിന്റെ ശരിയായ സമീപനങ്ങളെയാണ്. ഭീകരവാദ ചിന്തകളെ മൗലികമായി പ്രതിരോധിക്കുന്നതില്‍ നാല്‍പത് വര്‍ഷമായി ഇന്ത്യയില്‍ ഒട്ടാകെ ഈ സ്ഥാപനം നടത്തുന്ന വൈജ്ഞാനിക സേവന പ്രവര്‍ത്തനങ്ങള്‍ വിജയിച്ചിട്ടുണ്ട്.  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃമികവോടു കൂടിയ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ ആണ് മര്‍കസിനെ ഔന്നത്യങ്ങളിലേക്കുയര്‍ത്തിയത്. ദുബൈയിലെ പള്ളികളും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സേവനങ്ങള്‍ മാതൃകാപരമാണ്. താന്‍ പ്രതീക്ഷിച്ചതിലും മഹത്തരമായ സ്ഥാപനമാണിത് . മര്‍കസിന്റെ സേവന പ്രവര്‍ത്തങ്ങള്‍ക്ക് ഇനിയും ഹൃദ്യമായ പിന്തുണകളുണ്ടാകും : ദാഹി ഖല്‍ഫാന്‍ പറഞ്ഞു.
        കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകളായി ആത്മബന്ധമുള്ള വ്യക്തിത്വമാണ് ദാഹി ഖല്‍ഫാനെന്നും ദുബൈയെ ലോകത്തെറ്റവും സുരക്ഷയുള്ള നഗരമാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമാണെന്നും കാന്തപുരം പറഞ്ഞു.
       യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് നഹ്‌യാനുമായും   ദുബായ് ബഹരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അലു  മക്തൂമുമായും ഏറ്റവും ബന്ധമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്  ദാഹി ഖല്‍ഫാന്‍. 1980 മുതല്‍ അദ്ദേഹം ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി പ്രവര്‍ത്തിച്ചുവരുന്നു. ലോകത്തെ മികച്ച സുരക്ഷാ സംവിധാനമാക്കി ദുബൈയെ മാറ്റിയതിനു നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ദാഹി ഖല്‍ഫാന് ലഭിച്ചിട്ടുണ്ട്. യു.എ.ഇ രാഷ്ട്രീയസുരക്ഷാ  രംഗത്തെ ശ്രദ്ധേയനായ ഡല്‍ഹി ഖല്‍ഫാനെ ഇരുപത്തിയാറ് ലക്ഷം പേര് ട്വിറ്ററില്‍ ഫോളോ ചയ്യുന്നുണ്ട്.
       മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ദാഹി ഖല്‍ഫാന് ഉപഹാരം നല്‍കി.  ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആമുഖ പ്രഭാഷണം നടത്തി.  കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി,  വി.പി.എം ഫൈസി വില്യാപ്പള്ളി, ഹസ്സന്‍ സഖാഫി തറയിട്ടാല്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

Related Articles