Current Date

Search
Close this search box.
Search
Close this search box.

മരിച്ചാലും ഹംഗേറിയന്‍ മുസ്‌ലിംകളോടുള്ള വിവേചനം അവസാനിക്കുന്നില്ല

ബുഡാപെസ്റ്റ്: ഭരണകൂടം അനുമതി നല്‍കാത്തതിനാല്‍ സ്വന്തമായി ശ്മശാനം വേണമെന്ന ഹംഗേറിയന്‍ മുസ്‌ലിംകളുടെ ആവശ്യം സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണിപ്പോഴും. അതുകൊണ്ട് തന്നെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ക്രിസ്ത്യന്‍ ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ നിര്‍ബന്ധിതരാണവര്‍. ഹംഗേറിയന്‍ മുസ്‌ലിംകള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പലതും അവര്‍ക്ക് ലഭ്യമാവുന്നില്ലെന്നും അവിടത്തെ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക വേദിയായ ഹംഗേറിയന്‍ മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ത്താന്‍ ഷുലൂക് പറഞ്ഞു.
ബുഡാപെസ്റ്റിലെ ക്രിസ്ത്യന്‍ ശ്മശാനത്തില്‍ ഒരു ഭാഗം പ്രത്യേകമായി മുസ്‌ലിംകള്‍ക്ക് നീക്കിവെച്ചിരിക്കുകയാണിപ്പോള്‍ ചെയ്തിരിക്കുന്നത്. നീക്കിവെച്ചിരിക്കുന്ന ആ ഭാഗം ഏകദേശം നിറഞ്ഞ അവസ്ഥയിലാണുള്ളത്. ശ്മശാനത്തില്‍ മുസ്‌ലിംകള്‍ക്ക് നീക്കിവെച്ച ഭാഗം പൂര്‍ണമായി നിറഞ്ഞാല്‍ തങ്ങളില്‍ നിന്നും മരണപ്പെടുന്നവരെ എവിടെ മറമാടുമെന്ന ആശങ്കയിലാണ് മുസ്‌ലിംകള്‍ ഉള്ളത്. ഹംഗറിയില്‍ മൃതദേഹം മറമാടുന്നതിന് ആയിരത്തിലധികം യൂറോ ചെലവ് വരുന്നുണ്ടെന്നും അതുകൊണ്ട് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപകമായിട്ടുള്ള മൃതദേഹം കത്തിച്ചു കളയുന്ന രീതി വര്‍ധിക്കുകയാണ്. എന്നും അദ്ദേഹം വിവരിച്ചു. മൃതദേഹം മറമാടുന്നതിനുള്ള ഭാരിച്ച ചെലവ് കാരണം പാവപ്പെട്ട മുസ്‌ലിംകള്‍ കടുത്ത പ്രയാസമാണ് നേരിടുന്നതെന്നും സ്വന്തമായി ഒരു ശ്മശാനം ഉണ്ടായാല്‍ പ്രസ്തുത ചെലവുകള്‍ കുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രത്യേകമായി ഒരു ശ്മശാനം വേണ്ടമെന്ന ആവശ്യവുമായി നിരവധി തവണ അപക്ഷ നല്‍കിയിട്ടുള്ള അധികൃതര്‍ അതിനോട് യാതൊരു വിധ പ്രതികരണവും രേഖപ്പെടുത്തിയിട്ടില്ല. ശ്മശാനം അനുവദിച്ചാല്‍ മുസ്‌ലിംകള്‍ ഒരുമിച്ചു കൂടി അതിന് സമീപത്ത് മസ്ജിദ് നിര്‍മിക്കുമോ എന്നതാണ് പ്രാദേശിക ഭരണകര്‍ത്താക്കള്‍ ഭയക്കുന്നതെന്നും ഷുലൂക് പറഞ്ഞു. എന്നാല്‍ ഹംഗറിയില്‍ ജൂതന്‍മാര്‍ക്ക് സ്വന്തമായി ശ്മശാനം നിര്‍മിക്കാന്‍ അവകാശമുണ്ടെന്ന കാര്യവും അദ്ദേഹം ശ്രദ്ധയില്‍ പെടുത്തി. മുസ്‌ലിം രാഷ്ട്രങ്ങളിലെ അംബാസഡര്‍മാരുടെ ഇടപെടലിലൂടെ ഈ അവസ്ഥക്ക് എന്തെങ്കിലും മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഹംഗേറിയന്‍ മുസ്‌ലിംകള്‍. അഭയാര്‍ഥി പ്രവാഹത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംകളെ വളരെ മോശമായിട്ടാണ് ഹംഗേറിയന്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അതും ഭരണകൂടത്തിന്റെ തീരുമാനത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Related Articles