Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളിലേറെയും മുസ്‌ലിംകള്‍: ഉമൈറാ ബാനു

കുറ്റ്യാടി: കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ലോകത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നതെന്നും മുസ്‌ലിം വിഭാഗങ്ങളാണ് അതിന് ഏറ്റവുമധികം ഇരയാക്കപ്പെടുന്നതെന്നും ജി.ഐ.ഒ കര്‍ണാടക കൂടിയാലോചനാ സമിതി അംഗം ഉമൈറ ബാനു അഭിപ്രായപ്പെട്ടു. കുറ്റ്യാടിയില്‍ ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച വിദ്യാര്‍ഥിനി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. മ്യാന്‍മര്‍ ഭരണകൂടം സ്ത്രീകളും കുട്ടികളുമടക്കമുള്ള റോഹിങ്ക്യന്‍ മുസ്‌ലിംകളെ അതിക്രൂരമായി അടിച്ചമര്‍ത്തുമ്പോഴും ലോക രാഷ്ട്രങ്ങള്‍ അതിനെതിരെ പ്രതികരിക്കുന്നില്ല. നിലവിലെ മ്യാന്‍മര്‍ വിദേശകാര്യ മന്ത്രിയും നോബല്‍ ജേതാവുമായ ആങ് സാന്‍ സൂകി റോഹിങ്ക്യകള്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളില്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് സംഘ് പരിവാര്‍ ശക്തികള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചും അവര്‍ പറഞ്ഞു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിച്ച് പ്രവേശിക്കാനാവാത്ത സാഹചര്യമാണ് ഉള്ളതെന്നും എന്നാല്‍ അവിടത്തെ മുസ്‌ലിം പെണ്‍കുട്ടികള്‍ അതിനെതിരെയുള്ള പോരാട്ടം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അവര്‍ സൂചിപ്പിച്ചു.
വൈവിധ്യങ്ങളും വൈജാത്യങ്ങളും ഉള്ളതോടൊപ്പം ഒരൊറ്റ രാഷ്ട്രവും ജനതയുമായി നിലകൊള്ളുന്നു എന്നതാണ് ഇന്ത്യയുടെ സവിശേഷതയെന്നും അതില്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടന്നു കൊണ്ടിരിക്കുന്നതെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ച് സംസാരിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ എം.കെ. മുഹമ്മദലി അഭിപ്രായപ്പെട്ടു. ഗാന്ധിയുടെ സമാധാന മന്ത്രങ്ങള്‍ക്ക് പകരം ഗോഡ്‌സേയുടെ കൊലചിരികളാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന വിദ്യാര്‍ഥിനികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല വനിതാ വിഭാഗം പ്രസിഡന്റ് കെ.ടി നസീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.പി. ബഷീര്‍ സമാപന പ്രഭാഷണവും ജി.ഐ.ഒ കോഴിക്കോട് ജില്ലാ സെക്രട്ടറി എം. ശരീഫ സ്വാഗത ഭാഷണവും നിര്‍വഹിച്ചു.

Related Articles