Current Date

Search
Close this search box.
Search
Close this search box.

മനാമ പ്രസ്താവന വൈരുദ്ധ്യങ്ങള്‍ നിറഞ്ഞത്: ഖത്തര്‍

ദോഹ: ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബഹ്‌റൈന്റെ തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന്റെ പ്രസ്താവന നിരവധി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി. അവര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നു എന്ന് പറയുന്നതിനോടൊപ്പം അവര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപരോധ രാഷ്ട്രങ്ങളുടെ നേതാക്കള്‍ നേരത്തെ നടത്തിയ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ പ്രസ്താവനകള്‍ക്കൊപ്പം ഈ യോഗത്തിലൂടെ ഒരുകൂട്ടം വൈരുദ്ധ്യങ്ങള്‍ കൂടി കൂട്ടിചേര്‍ത്തിരിക്കുകയാണ്. ആദ്യം ഉന്നയിക്കപ്പെട്ട 13 ആവശ്യങ്ങളും കെയ്‌റോ പ്രഖ്യാപനത്തിലെ ആറ് അടിസ്ഥാന തത്വങ്ങളും ഖത്തര്‍ അംഗീകരിക്കേണ്ടത് അനിവാര്യമാണെന്നാണ് പ്രസ്താവന പറയുന്നത്. പത്ത് ദിവസത്തിന് ശേഷം ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ അസാധുവാക്കപ്പെടുമെന്ന് ഒരു വ്യവസ്ഥയായി ചേര്‍ത്തിട്ടുള്ള ആവശ്യങ്ങളുടെ പട്ടികയില്‍ തന്നെയുള്ള വൈരുദ്ധ്യമാണിത്. വൈരുദ്ധ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണിത്. എന്നും ഖത്തര്‍ മന്ത്രി പറഞ്ഞു. ഹജ്ജുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ ഖത്തര്‍ ഒരു ആഗോള വിഷയമായി മാറ്റുകയോ അതിനെ രാഷ്ട്രീയവല്‍കരിക്കുകയോ ചെയ്തിട്ടില്ലെന്നും സൗദിയുടെ ഭാഗത്തു നിന്നു തന്നെയാണ് അത്തരം ഒരു നീക്കമുണ്ടായതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മനാമയില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം ഉപരോധ രാഷ്ട്രങ്ങള്‍ ഒരു പ്രസ്താവന പുറത്തുവിട്ടിരുന്നു. ദോഹ ഭരണകൂടവുമായി ചര്‍ച്ച ആരംഭിക്കുന്നതിനുള്ള ഉപാധിയായി തങ്ങളുടെ ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിക്കേണ്ടത് അനിവാര്യമാണെന്ന് അത് വ്യക്തമാക്കുന്നു. ഖത്തറിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ രാജ്യങ്ങളുടെ പരമാധികാരത്തിന്റെ ഭാഗമായിട്ടുള്ളതാണെന്നും അന്താരാഷ്ട്ര നിയമങ്ങളോട് പൊരുത്തപ്പെടുന്നതാണ് അവയെന്നും പ്രസ്താവന പറഞ്ഞു. നേരത്തെ മുന്നോട്ടുവെച്ച 13 ഇന ആവശ്യങ്ങള്‍ക്കൊപ്പം കെയ്‌റോ പ്രഖ്യാപനത്തിലെ ആറ് അടിസ്ഥാന തത്വങ്ങളും ഖത്തര്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് നാല് രാഷ്ട്രങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി.

Related Articles