Current Date

Search
Close this search box.
Search
Close this search box.

മദ്യദുരന്തത്തിന്റെ ഉത്തരവാദിത്വം ഗുജറാത്ത് സര്‍ക്കാറിന്: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: ഗുജറാത്തിലെ സൂറത്തിനടുത്തുള്ള വറേലിയില്‍ 23 പേരുടെ മരണത്തിന് കാരണമായ മദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഗുജറാത്ത് സര്‍ക്കാറിനാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍. നിലവില്‍ മദ്യ നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ അത് കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് സ്പിരിറ്റിനും മദ്യത്തിനുമുള്ള സമ്പൂര്‍ണ നിരോധനം കടലാസില്‍ ഒതുങ്ങാവതല്ല. ഇസ്‌ലാം ‘തിന്മകളുടെ മാതാവ്’ എന്ന് വിശേഷിപ്പിച്ചിട്ടുള്ള മദ്യം മരണത്തിനും കുടുംബങ്ങളുടെ തകര്‍ച്ചക്കും മാത്രമല്ല, സമൂഹത്തിന്റെ സാമൂഹ്യ ധാര്‍മിക ഘടന തകര്‍ക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാലാണ് നമ്മുടെ സ്രഷ്ടാവ് മദ്യവും മറ്റ് ലഹരി വസ്തുക്കളും വിലക്കിയതെന്നാണ് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നത്. എന്ന് അദ്ദേഹം വ്യക്തമാക്കി.
വളര്‍ന്നു കൊണ്ടിരിക്കുന്ന അനധികൃത മദ്യ വ്യാപാരത്തിന് നേരെ കണ്ണടച്ച ഗുജറാത്ത് സര്‍ക്കാറാണ് ഈ ദുരന്തത്തിന്റെ ഉത്തരവാദി. ‘മദ്യനിരോധിത’ ഗുജറാത്തിനെ സംബന്ധിച്ച പരുക്കന്‍ യാഥാര്‍ഥ്യമാണിത് എടുത്തു കാണിക്കുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2009ല്‍ അഹ്മദാബാദില്‍ നൂറ്റിഅമ്പതോളം ആളുകളുടെ മരണത്തിന് കാരണമായ മദ്യ ദുരന്തത്തെ ഇത് ഓര്‍മപ്പെടുത്തുന്നു. അതില്‍ നിന്ന് പാഠം പഠിച്ചിട്ടില്ലെന്നതാണ് വ്യാജമദ്യത്തിന്റെ ഒഴുക്ക് തുടരുന്നതില്‍ നിന്ന് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തുടനീളം മദ്യനിരോധനം നടപ്പാക്കണമെന്നാണ് കേന്ദ സര്‍ക്കാറിനോട് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles