Current Date

Search
Close this search box.
Search
Close this search box.

മതേതര രാജ്യത്ത് മുത്വലാഖിന് പ്രസക്തിയില്ല: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മതേതര രാജ്യത്തില്‍ മുസ്‌ലിം വ്യക്തി നിയമത്തിലെ  മുത്വലാഖിന് പ്രസക്തിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മുത്വലാഖിനെ ന്യായീകരിക്കാന്‍ കഴിയില്ല. അത് അനുവദിക്കുന്നത് ലിംഗനീതിക്ക് എതിരാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍  വ്യക്തമാക്കി. മുത്വലാഖ് വിഷയത്തില്‍ ഇടപെടുന്നത് മുസ്ലിംകളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാകുമോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് മുത്വലാഖ് ലിംഗനീതിക്കെതിരാണെന്ന്  കേന്ദ്രം വ്യക്തമാക്കിയത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു പക്ഷേ ബഹുഭാര്യത്വം ‘പുരോഗമന ആശയവും വഴിവെട്ടിത്തെളിക്കലും’ ആയെന്നിരിക്കാം, എന്നാല്‍ സ്ത്രീകളും ലിംഗനീതി സംബന്ധിച്ച കാഴ്ച്ചപ്പാടുകള്‍ക്കും പുരോഗതിയുണ്ടായിട്ടുള്ള ഇക്കാലത്ത് അത് അങ്ങനെയല്ലെന്നും സര്‍ക്കാര്‍ അഭിപ്രായം രേഖപ്പെടുത്തി.

മുത്വലാഖ് സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. മൂന്ന് തലാഖും ഒരുമിച്ച് ചൊല്ലി വിവാഹമോചനം നേടുന്നതില്‍ 20 ഓളം മുസ്‌ലിം രാജ്യങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പിന്നെയെന്തിനാണ് ഒരു മതേതര രാഷ്ട്രമായ ഇന്ത്യ ഭരണഘടന സ്ത്രീകള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ തടയുന്നത് തുടരുന്നത്? എന്ന് സര്‍ക്കാര്‍ ചോദിച്ചു. മുത്വലാഖിലും ബഹുഭാര്യത്വത്തിലും തീര്‍പ്പുണ്ടാക്കണമെന്നും നിയമ നീതിന്യായ മന്ത്രാലയം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് രാജ്യത്തെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ മതപരമായ സിവില്‍ കോഡ് പിന്തുടരാനുള്ള അവകാശമുണ്ട്. എന്നാല്‍ മുത്വലാഖിനെ ഇസ്‌ലാം മതവിശ്വാസത്തിലെ പ്രധാനഭാഗമെന്ന രീതിയില്‍ കാണാന്‍ കഴിയില്ല. മുസ്‌ലിം വ്യക്തി നിയമങ്ങള്‍ കുടുംബ ബന്ധങ്ങളില്‍ എത്രത്തോളം ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് കോടതിയിലെത്തിയ ഹരജികളില്‍ നിന്നും പരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മുത്വലാഖ് മുസ്‌ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്നും സാമൂഹ്യ പരിഷ്‌കരണത്തിന്റെ പേരില്‍ വ്യക്തി നിയമങ്ങള്‍ തിരുത്തിയെഴുതാനോ മതസ്വാതന്ത്ര്യത്തില്‍ ഇടപെടാനോ സുപ്രീംകോടതിക്ക് അധികാരമില്ലെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Related Articles