Current Date

Search
Close this search box.
Search
Close this search box.

മതിലുകള്‍ നിര്‍മിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു: ട്രംപിനെ വിമര്‍ശിച്ച് റൂഹാനി

തെഹ്‌റാന്‍: രാജ്യങ്ങള്‍ക്കിടയില്‍ മതിലുകള്‍ നിര്‍മിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് റൂഹാനിയുടെ പ്രസ്താവന. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് അദ്ദേഹമിത് പറഞ്ഞത്.
രാഷ്ട്രങ്ങള്‍ക്കിടയില്‍ മതിലുകള്‍ നിര്‍മിക്കുന്ന കാലത്തല്ല നാമിപ്പോള്‍ ഉള്ളത്. ബര്‍ലിന്‍ മതില്‍ ഇല്ലാതാക്കപ്പെട്ടത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നത് അവര്‍ മറന്നിരിക്കുന്നു. ജനതകള്‍ക്കിടയിലെ മതിലുകള്‍ നീക്കം ചെയ്യുകയാണ് നാം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ അടക്കമുള്ള ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നാല് മാസത്തേക്ക് അമേരിക്കയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ ട്രംപിനെ നടപടിയെ കുറിച്ച് റൂഹാനെ പ്രതികരിച്ചിട്ടില്ല.
ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. തീവ്രവാദികളായ മുസ്‌ലിങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് ഇതേക്കുറിച്ച് പെന്റഗണില്‍ ട്രംപ് വിശദീകരിച്ചു. നമ്മുടെ രാജ്യത്തെ അംഗീകരിക്കുകയും ജനങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ നമുക്കാവശ്യമുള്ളൂ.  വിദേശികളായ ഭീകരരില്‍ നിന്ന് അമേരിക്കയെ രക്ഷിക്കുന്നതിനാണ് ഈ ഉത്തരവെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഈ രാജ്യങ്ങളിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് കടുത്ത നിയന്ത്രണത്തില്‍ നിന്ന് ഇളവ് ലഭിക്കും. എന്നാല്‍ ഏകദേശം മൂന്ന് മാസത്തേക്ക് അഭയാര്‍ഥികളുടെ കുടിയേറ്റം സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടിവരുമെന്നാണ് സൂചന. ഉത്തരവ് ഉപദ്രവകരവും വിവേചന പൂര്‍ണവുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. നോബേല്‍ സമ്മാന ജേതാവായ മലാലയും ഫേസ്ബുക് സി.ഇ.ഒ സക്കര്‍ബര്‍ഗും ഇപ്പോള്‍ തന്നെ ബില്ലിനെതിരെ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Articles