Current Date

Search
Close this search box.
Search
Close this search box.

മതപരമായ അവകാശങ്ങളില്‍ കൈകടത്തുന്നതിനെതിരെ കാമ്പയിന്‍

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ മതപരമായ അവകാശങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റത്തിനതിരെ ഓള്‍ ഇന്ത്യ മില്ലി കൗണ്‍സിലിനും മറ്റു മുസ്‌ലിം സംഘടനകള്‍ക്കും ഒപ്പം ചേര്‍ന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് കാമ്പയിന്‍ സംഘടിപ്പിക്കുന്നു. മുത്വലാഖ്, ഏകസിവില്‍ കോഡ് വിഷയങ്ങളിലെ കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങളെയും അവര്‍ എതിര്‍ക്കും.

മുത്വലാഖ് നിരോധിക്കാനും ഏകസിവില്‍ കോഡ് നടപ്പിലാക്കാനുമുള്ള നീക്കത്തിനെതിരെ നടത്തുന്ന ഒപ്പുശേഖരണ കാമ്പയിന്‍ ഈ മാസം 30ഓടെ പൂര്‍ത്തിയാകും. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശ സംരക്ഷണത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അയച്ചുകൊടുക്കുന്നതിനായി കാമ്പയിനിലൂടെ ശേഖരിച്ച ഒപ്പുകള്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന് സമര്‍പ്പിക്കുമെന്ന് മുന്‍ മന്ത്രിയും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവും ഓള്‍ ഇന്ത്യ മില്ലി കൗണ്‍സിലിന്റെ സ്ഥാപകാംഗവുമായ ഖമറുല്‍ ഇസ്‌ലാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഭരണഘടന അനുവദിച്ചുതരുന്ന ന്യൂനപക്ഷാവകാശങ്ങള്‍ ഇല്ലാതാക്കാനും മുസ്‌ലിം മതകാര്യങ്ങളില്‍ ഇടപെടാനുള്ള എന്‍.ഡി.എ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ നവംബര്‍ അഞ്ചിന് കലബുറഗിയില്‍ മേഖലാ പൊതു സമ്മേളനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലബുറഗി. യാദ്ഗിര്‍, റെയ്ച്ചൂര്‍, കൊപ്പാല്‍, ബിദാര്‍, ബല്ലാരി, വിജയപുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വ്യക്തി നിയമത്തില്‍ ഏതെങ്കിലും തരത്തില്‍ കൈകടത്തുക എന്നത് ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 25 ഉറപ്പുനല്‍കുന്ന മതസ്വാതന്ത്രത്തിന്റെ ലംഘനം മാത്രമല്ല ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക അസ്ഥിത്വം ഇല്ലാതാക്കാനുള്ള ശ്രമം കൂടിയാണെന്ന് നിരവധി കോടതി ഉത്തരവുകള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്നും ഖമറുല്‍ ഇസ്‌ലാം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങള്‍ നടപ്പിലാക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിക്കുന്നതിന് മുമ്പ് ആദ്യം ചെയ്യേണ്ടത് സാര്‍വത്രിക വിദ്യാഭ്യാസം, എല്ലാവര്‍ക്കും ആരോഗ്യ സംവിധാനം ഉറപ്പാക്കല്‍, എല്ലാ വീട്ടിലും ശൗചാലയം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്താനാണ്. ഇത്തരം കാര്യങ്ങള്‍ ജനക്ഷേമവുമായി നേരിട്ടു ബന്ധപ്പെട്ടതാണ്. ഏകസിവില്‍ കോഡ് ദേശീയ ഉദ്ഗ്രഥനത്തിന് സഹായകമാകും എന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. അതിന് പകരം ഇത് അനൈക്യത്തിനും ശിഥിലീകരണത്തിനും ഇന്ധനമാവുക മാത്രമേ ചെയ്യൂ. നാനാത്വത്തില്‍ ഏകത്വത്തിലൂടെ മാത്രമേ നമ്മുടെ രാജ്യത്തിന്റെ ശക്തി വര്‍ധിക്കുകയുള്ളു. അദ്ദേഹം പറഞ്ഞു.

മുത്വലാഖ്, ബഹുഭാര്യത്വം, വിവാഹമോചിതയുടെ ചെലവിന് കൊടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കോടതിക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതും നിയമ കമ്മീഷന്‍ ചോദ്യാവലി പുറത്തിറക്കിയതും ഏകസിവില്‍കോഡിന് വഴി ഒരുക്കാന്‍ ലക്ഷ്യമിട്ടാണ്. രാജ്യത്തെ സാമൂഹിക ഘടനയെയും സാമുദായിക സൗഹാര്‍ദ്ദത്തെയും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഏകസിവില്‍ കോഡ്, മുത്വലാഖ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തുന്നത് രാജ്യം അഭിമുഖീകരിക്കുന്ന മറ്റു പ്രധാനപ്പെട്ട നിരവധി വിഷയങ്ങളിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു മുസ്‌ലിം സംഘടനാ പ്രതിനിധികളും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles