Current Date

Search
Close this search box.
Search
Close this search box.

മതത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ അനുവദിക്കുകയില്ലെന്ന് രാജ്‌നാഥ് സിങ്

ഇന്ത്യ സഹിഷ്ണുതയുടെ സര്‍വകലാശാലയാണെന്നും രാജ്യത്ത് മതത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സമാധാനപരമായ നിലനില്‍പ്പിന് സഹിഷ്ണുത അനിവാര്യമാണ്.  എല്ലാ മതങ്ങളിലെയും ജനങ്ങള്‍ ഇന്ത്യയില്‍ വളരെ സമാധാനപരമായാണ് ജീവിക്കുന്നതെന്നും വിവേചനത്തിന്റെ യാതൊരു ഭയവും കൂടാതെ മതാചാരങ്ങള്‍ അവര്‍ പിന്തുടരുകയും ചെയ്യുന്നതുകൊണ്ടാണ് ഇന്ത്യ സഹിഷ്ണുതയുടെ സര്‍വകലാശാലയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ക്രിസ്ത്യന്‍ നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ക്രിസ്ത്യാനികള്‍ ഇന്ത്യയിലേക്ക് വന്നിരുന്നുവെന്നും കേരളത്തിലെ സെന്റ്‌തോമസ് ചര്‍ച്ച് ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ചര്‍ച്ചുകളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സമൂഹത്തില്‍ നിന്നും സാമൂഹിക തിന്മകള്‍ ഉഛാടനം ചെയ്യുന്നതില്‍ സെന്റ് തോമസ് മുതല്‍ മദര്‍ തെരേസ വരെയുള്ള ക്രിസ്ത്യാനികള്‍ അര്‍പ്പിച്ച സംഭാവനകള്‍ മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ആക്രമണം ഉണ്ടായത് ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പായാലും ശേഷമായാലും മത പീഡനം ഒരു കാരണവശാലും അനുവദിക്കാന്‍ പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

1947 ല്‍ വിഭജന സമയത്ത് ഇന്ത്യന്‍ ഭരണകൂടം മതേതരത്വം തെരഞ്ഞെടുത്തപ്പോള്‍ പാക്കിസ്താന്‍ സ്വമേധയാ മത രാഷ്ട്രമായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഭീകരവാദത്തെ അവിടുത്തെ സര്‍ക്കാര്‍ നയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദികള്‍ ഏതെങ്കിലും ജാതിയെയോ മതത്തെയോ പ്രതിനിധീകരിക്കുന്നവരല്ല. ഇന്ത്യയില്‍ മാത്രമല്ല നിരവധി രാജ്യങ്ങള്‍ ഭീകരവാദം എന്ന പ്രശനത്തെ അഭിമുഖീകരിക്കുന്നുണ്ടെന്നും എന്നാല്‍ ചിലര്‍ ഭീകരവാദത്തെ മതവുമായിബന്ധിപ്പിക്കുന്നത്‌ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാമിലെ എല്ലാ വിഭാഗങ്ങളുമുള്ള ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്നും ഇന്ത്യയില്‍ ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട മതങ്ങളെയും കണ്ടെത്താന്‍ കഴിയുമെന്നും സിങ് പറഞ്ഞു.

Related Articles