Current Date

Search
Close this search box.
Search
Close this search box.

മകനെ ഭീകരവാദിയാക്കിയ അമേരിക്കന്‍ സ്‌കൂളിനെതിരെ നടപടിയുമായി കുടുംബം

ന്യൂയോര്‍ക്ക്: പന്ത്രണ്ട് വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയെ കൊണ്ട് ‘തീവ്രവാദി’യെന്ന് സ്വയം അംഗീകരിക്കുന്ന കള്ള സത്യവാങ്മൂലത്തില്‍ ഒപ്പുവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം കോടതിയില്‍. പാകിസ്താന്‍ വംശജനായ വിദ്യാര്‍ഥിയുടെ കുടുംബം സ്‌കൂളിനെതിരെ ഫെഡറല്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ 25 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഈസ്റ്റ് ഇസ്‌ലിബ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി നശ്‌വാന്‍ ഊപാല്‍ എന്ന വിദ്യാര്‍ഥി തന്നെ ഭീകരവാദിയെന്ന് വിശേഷിപ്പിക്കുന്ന സഹപാഠികളില്‍ നിന്നും കടുത്ത പ്രയാസങ്ങളാണ് അഭിമുഖീകരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അടുത്തതായി എന്ത് പദ്ധതിയാണ്’ ആസൂത്രണം ചെയ്തിരിക്കുന്നത് സഹപാഠികള്‍ അവനോട് ചോദിക്കാറുണ്ടായിരുന്നു. ശാരീരിക വൈകല്യമുള്ള നശ്‌വാന് സഹപാഠികള്‍ പറയുന്നത് എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. അവസാനം അവന്‍ സ്‌കൂളിന്റെ മതില്‍ തകര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ക്ക് മറുപടി നല്‍കിയതായും പരാതിയില്‍ പറയുന്നു.
പ്രസ്തുത സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിയെ ചോദ്യം ചെയ്യുകയും ഭീകരനാണോ എന്ന് ആവര്‍ത്തിച്ച് ചോദിക്കുകയും ചെയ്തു. പിന്നീടാണ് ഐഎസ് അംഗമാണെന്ന് അംഗീകരിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ ഒപ്പുവെക്കാന്‍ അധികൃതര്‍ അവനെ നിര്‍ബന്ധിച്ചതെന്നും പരാതി വിവരിക്കുന്നു. സ്‌കൂള്‍ അധികൃതര്‍ സംഭവത്തില്‍ പ്രതികരണമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സ്വന്തമായി ക്ലോക്ക് നിര്‍മിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത ഡള്ളാസിലെ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കുടുംബം അവന്റെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്ന് കാണിച്ച് സ്‌കൂളിനെതിരെ ഈ മാസം ആദ്യത്തില്‍ പരാതി നല്‍കിയിരുന്നു.

Related Articles