Current Date

Search
Close this search box.
Search
Close this search box.

മഅ്ദനിയുടെ സുരക്ഷ കേരള സര്‍ക്കാര്‍ ഏറ്റെടുക്കണം: സോളിഡാരിറ്റി

കോഴിക്കോട്: വിചാരണ തടവുകാരനായി ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും ഉമ്മയെ സന്ദര്‍ശിക്കാനും കേരളത്തില്‍ വരാനുള്ള സുരക്ഷാ ചെലവുകളുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ് ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ മഅ്ദനിയുടെ സുരക്ഷ ഏറ്റെടുക്കാനും ചെലവുകള്‍ വഹിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകണം. ആറ് മാസത്തിനകം വിചാരണാ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് രണ്ട് വര്‍ഷം മുമ്പ് സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ വിധി നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാറും പ്രൊസിക്യൂഷനും വരുത്തിയ കാലവിളമ്പമാണ് കേസ് അനന്തമായി നീളുന്നതിന് കാരണമായത്. വിചാരണാ തടവുകാരുടെ ഭക്ഷണം, ചികിത്സ, സുരക്ഷ എന്നിവയുടെ ഉത്തരവാദിത്വം സര്‍ക്കാറിനാണ്. എന്നാല്‍ മഅ്ദനിയുടെ കാര്യത്തില്‍ ഇത് നിരന്തരം അട്ടിമറിക്കപ്പെടുകയാണ്. ചികിത്സക്ക് തന്നെ ഭീമമായ തുക അദ്ദേഹം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.
കുറഞ്ഞ ചെലവില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടും അനാവശ്യ ചെലവുകളുടെ പട്ടികയാണ് കര്‍ണാടകാ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലേക്ക് വരാനുള്ള മഅ്ദനിയുടെ അവകാശത്തെ തടയാന്‍ കൂടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഈ നീക്കം നടത്തിയിരിക്കുന്നത്. കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് കര്‍ണാടകക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കണം. മഅ്ദനിയുടെ ഒന്നാം അറസ്റ്റിന്റെയും രണ്ടാം അറസ്റ്റിന്റെയും സമയത്ത് ഭരണത്തിലുള്ളവരെന്ന നിലയില്‍ കേരള സര്‍ക്കാറിന് ഈ വിഷയത്തില്‍ ബാധ്യതയുണ്ടെന്നും പി.എം സ്വാലിഹ് കൂട്ടിച്ചേര്‍ത്തു.

Related Articles