Current Date

Search
Close this search box.
Search
Close this search box.

ഭോപ്പാല്‍ വ്യാജ ഏറ്റുമുട്ടല്‍; കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക: എസ്.ഐ.ഒ

കോഴിക്കോട്: ഭോപ്പാല്‍ വ്യാജ ഏറ്റുമുട്ടലില്‍ എട്ട് മുസ്‌ലിം ചെറുപ്പക്കാരും പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ട സംഭവത്തിന്റെ ആസൂത്രകരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. ഭരണകൂട സംവിധാനങ്ങള്‍ തന്നെ പൗരന്മാരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് തീവ്രവാദികളാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ജയിലില്‍ നിന്നും പ്ലെയ്റ്റും സ്പൂണും ഉപയോഗിച്ച് രക്ഷപെട്ടു എന്ന ഔദ്യോഗിക ഭാഷ്യം തന്നെ ദുരൂഹത നിറഞ്ഞതാണ്. മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിച്ചെടുക്കുക എന്ന തലത്തിലേക്ക് രാജ്യത്തെ ഭരണകൂട സംവിധാനങ്ങള്‍ മാറിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഭോപ്പാല്‍ വ്യാജ ഏറ്റമുട്ടലെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.
ഭരണകൂടവും പോലീസും നിര്‍മ്മിച്ചെടുക്കുന്ന വ്യാജ കഥകള്‍ക്ക് കൂടുതല്‍ നിറം പകരുന്നതാണ് വിവിധ മാധ്യമങ്ങളുടെ സമീപനം. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ നൂറിലധികം കേന്ദ്രങ്ങളിലും വിവിധ കാമ്പസുകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും എന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയേറ്റ് അറിയിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം, സെക്രട്ടറിമാരായ തൗഫീഖ് മമ്പാട്, ഷിയാസ് പെരുമാതുറ, ജുമൈല്‍ പി.പി., ഷബീര്‍ കൊടുവള്ളി, ആദില്‍ എ., അംജദ് അലി ഇ.എം, സജീര്‍ ടി.സി. എന്നിവര്‍ പങ്കെടുത്തു.

Related Articles