Current Date

Search
Close this search box.
Search
Close this search box.

ഭോപാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: ‘ഏറ്റുമുട്ടല്‍’ എന്ന പേരില്‍ ഭോപാലില്‍ നടന്നത് വ്യാജമാണെന്നും അതിനുത്തരവാദികളായവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. അത് നടപ്പാക്കിയവര്‍ക്ക് മാത്രമല്ല, രാഷ്ട്രീയക്കാരും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും അടക്കമുള്ള അതിന് ഉത്തരവിട്ട എല്ലാവര്‍ക്കും വധശിക്ഷ നല്‍കണമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയില്‍ അദ്ദേഹത്തിന്റെ ബെഞ്ച് പ്രകാശ് കദം Vs രാം പ്രസാദ് വിശ്വനാഥ് ഗുപ്ത കേസില്‍ (2011) നടത്തിയ വിധി അതിന് മാതൃകയായും അദ്ദേഹം എടുത്ത് കാണിക്കുകയും ചെയ്തിട്ടുണ്ട്.
വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിചാരണയില്‍ പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിച്ച് അവര്‍ക്ക് വധശിക്ഷ നല്‍കണം. ‘ഏറ്റുമുട്ടല്‍’ എന്നത് നേര്‍ക്കു നേരെയുള്ള, മൃഗീയമായ കൊലപാതകമാണ്. അത് ചെയ്യുന്നതോ നിയമം ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരായ വ്യക്തികളും. ഞങ്ങളുടെ അഭിപ്രായത്തില്‍, സാധാരണക്കാരാണ് കുറ്റം ചെയ്യുന്നതെങ്കില്‍ സാധാരണ ശിക്ഷ നല്‍കണം. പോലീസുകാരനാണ് അത് ചെയ്യുന്നതെങ്കില്‍ കടുത്ത ശിക്ഷ തന്നെ നല്‍കണം. കാരണം അവരുടെ ചുമതലകള്‍ക്ക് കടകവിരുദ്ധമായ പ്രവൃത്തിയാണ് അവര്‍ ചെയ്തിരിക്കുന്നത്. എന്നാണ് പ്രകാശ് കദം Vs രാം പ്രസാദ് വിശ്വനാഥ് ഗുപ്ത കേസില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും ജസ്റ്റിസ് ഗ്യാന്‍സുധ മിശ്രയും നിരീക്ഷിച്ചിട്ടുള്ളത്.
രണ്ടാം ലോക യുദ്ധത്തിന്റെ അവസാനത്തില്‍ ജൂതവംശഹത്യയുടെ പേരില്‍ നാസികളെ വിചാരണ ചെയ്ത ന്യൂറംബര്‍ഗ് വിചാരണയില്‍ കുറ്റവാളികളായവര്‍ വാദിച്ചത് തങ്ങള്‍ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് ഹരജി നല്‍കിയിരുന്നു. എന്നാല്‍ അവരുടെ ഹരജി തള്ളപ്പെടുകയും മിക്ക ആളുകളും തൂക്കിലേറ്റപ്പെടുകയും ചെയ്തു. അതുകൊണ്ട് എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് കരുതി സന്തോഷിക്കുന്ന പോലീസുകാര്‍ തങ്ങള്‍ക്കായി തൂക്കുമരം കാത്തിരിക്കുന്നുണ്ടെന്ന കാര്യം മനസ്സിലാക്കണം. എന്നും കട്ജു തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.
എട്ടു തടവുകാര്‍ ജയില്‍ ചാടിയെന്നും പിന്നീട് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നുമുള്ള മധ്യപ്രദേശ് പോലീസിന്റെ വിശദീകരണത്തില്‍ കടുത്ത ദുരൂഹതയാണ് നിലനില്‍ക്കുന്നത്. പോലീസിന്റെയും സര്‍ക്കാറിന്റെയും വിശദീകരണത്തില്‍ തന്നെ നിരവധി പൊരുത്തക്കേടുകള്‍ പ്രകടമാണ്. ജയില്‍പുള്ളികളുടെ പക്കല്‍ തോക്കോ മറ്റായുധങ്ങളോ ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍, പൊലീസ് പിന്നാലെ എത്തിയപ്പോള്‍ അവര്‍ വെടിവെച്ചെന്നും തുടര്‍ന്നാണ് പൊലീസ് എട്ടുപേരെയും ഏറ്റുമുട്ടലില്‍ വധിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. ഭോപാല്‍ ഐ.ജി യോഗേഷ് യാദവ് നടത്തിയ ഈ വാദത്തിന് കടകവിരുദ്ധമാണ് സംസ്ഥാന ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് നല്‍കിയ വിശദീകരണം.
കൊല്ലപ്പെട്ട എട്ടു പേരുടെയും വേഷം ജീന്‍സും ബനിയനുമാണ്. ബെല്‍റ്റ്, വാച്ച്, ഷൂ, ഉണങ്ങിയ പഴങ്ങള്‍, കൂടുതല്‍ വസ്ത്രങ്ങള്‍ എന്നിവയുമുണ്ട്. തടവുകാര്‍ക്ക് ജയിലില്‍ പ്രത്യേക വേഷമുണ്ടെന്നിരിക്കെ, രാത്രി ജയില്‍ ചാടുകയും മണിക്കൂറുകള്‍ക്കകം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തതിനിടയില്‍ ഇത്തരത്തില്‍ വേഷം മാറ്റാന്‍ അവര്‍ക്ക് സാധിക്കില്ല. ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പത്തു കിലോമീറ്റര്‍ അകലെ, മൈലുകളോളം ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. എന്നാല്‍, തടവുകാരെ നാട്ടുകാര്‍ കണ്ട് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്.
പുലരുവോളം ആഘോഷങ്ങള്‍ നീളുന്ന ദീപാവലി രാത്രിക്കാണ്, അധികൃതര്‍ പറയുന്ന ജയില്‍ ചാട്ടം. വഴിയാത്രക്കാരും മറ്റും കൂടുതലായി ഉണ്ടാകുന്ന ഈ രാത്രിതന്നെ ജയില്‍ ചാട്ടത്തിന് തടവുകാര്‍ തെരഞ്ഞെടുക്കുമോ എന്ന ചോദ്യം ബാക്കി. പെട്ടെന്ന് പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജയില്‍ ചാടിയ എട്ടു പേരും സംഘമായി നീങ്ങാനും സാധ്യതയില്ല. പിടിയിലുള്ള ചിലരെ വെടിവെക്കുന്നതായി കാണിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ വെടിയൊച്ചയും കേള്‍ക്കാം. ഏറ്റുമുട്ടല്‍ യഥാര്‍ഥ്യമെങ്കില്‍, ജീവനോടെ പിടിക്കുന്നതിനാണ് വില.

Related Articles