Current Date

Search
Close this search box.
Search
Close this search box.

ഭീകരവാദികള്‍ കുടുംബബന്ധങ്ങള്‍ മറന്നേക്കുക: സുപ്രീംകോടതി

ഡല്‍ഹി: നിരപരാധികളെ കൊന്നതിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുന്ന ഭീകരവാദികള്‍ തങ്ങളുടെ കുടുംബബന്ധങ്ങള്‍ മറക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി. 1996-ലെ ലജ്പത് നഗര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിക്കുന്ന ജമ്മു കാശ്മീര്‍ ഇസ്‌ലാമിക് ഫ്രണ്ട് (ജെ.കെ.ഐ.എഫ്) അംഗം മുഹമ്മദ് നൗഷാദ്, ഫെബ്രുവരി 28-ന് നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിച്ച അപേക്ഷ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളികളഞ്ഞു.
‘നിരപരാധികളെ അതിക്രൂരമായി വധിക്കുക പോലുള്ള നിഷ്ഠൂരകൃത്യങ്ങളില്‍ ആരെങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അവര്‍ തങ്ങളുടെ കുടുംബബന്ധങ്ങളെ മറക്കുകയാണ് നല്ലത്. കുടുംബവുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള അടിയന്തരാവശ്യത്തിനും അവര്‍ക്ക് പരോളോ, ഇടക്കാല ജാമ്യമോ ഒരു കാരണവശാലും അനുവദിക്കപ്പെടുകയില്ല.’ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സജ്ഞയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി താന്‍ ജയിലില്‍ തന്നെയാണെന്നും, മകളുടെ വിവാഹത്തില്‍ പങ്കെടുക്കുകയാണ് തന്റെ ആവശ്യമെന്നും നൗഷാദ് തന്റെ ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.
1996 മെയ് 21-ന് ജെ.കെ.ഐ.എഫ് ഭീകരവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ 2010
ഏപ്രില്‍ മാസത്തില്‍ ഡല്‍ഹി കോടതി ആറ് പേര്‍ക്ക് ശിക്ഷ വിധിച്ചു. നൗഷാദ്, മുഹമ്മദ് അലി ഭട്ട്, മിര്‍സ നിസാര്‍ ഹുസൈന്‍ എന്നിവര്‍ക്ക് വധശിക്ഷയും, ജാവേദ് അഹ്മദ് ഖാന്‍ എന്നയാള്‍ക്ക് ജീവപര്യന്തം തടവുമാണ് കോടതി വിധിച്ചത്.
പിന്നീട് ഡല്‍ഹി ഹൈകോടതി നൗഷാദിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യുകയും, മുഹമ്മദ് അലി ഭട്ട്, മിര്‍സ നിസാര്‍ ഹുസൈന്‍ എന്നിവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. വിചാരണ കോടതി ഇവര്‍ക്ക് ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നത്. ജാവേദ് അഹ്മദ് ഖാന്റെ ജീവപര്യന്തം തടവ് ശരിവെച്ച കോടതി, ‘ഗുരുതരമായ വീഴ്ച്ചകളുടെ’ പേരില്‍ പോലിസിനെ ശക്തമായി ശാസിക്കുകയും ചെയ്തിരുന്നു.
‘പ്രഥമിക തെളിവുകള്‍’ പോലും ഹാജറാക്കുന്നതില്‍ പരാജയപ്പെട്ട ഡല്‍ഹി പോലിസിനെ ശക്തമായ ഭാഷയില്‍ ശാസിച്ച ഹൈകോടതി, ‘കേസിന്റെ കാര്യത്തില്‍ ഡല്‍ഹി പോലിസ് അഴകൊഴമ്പന്‍ സമീപനമാണ് കാണിച്ചതെന്ന്’ പറഞ്ഞു.

Related Articles