Current Date

Search
Close this search box.
Search
Close this search box.

ഭീകരരെ തുരത്താന്‍ ഖത്തറുമായി സഹകരിക്കും: ടില്ലേഴ്‌സണ്‍

ജനീവ: ഭീകരരെയും അവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും തുരത്തുന്നതിന് ഖത്തറുമായും ഗള്‍ഫിലെ മറ്റ് സഖ്യങ്ങളുമായും അമേരിക്ക വലിയതോതില്‍ സഹകരിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. രാജ്യത്തിന്റെ ഗള്‍ഫ് മേഖലയിലെ എല്ലാ സഖ്യങ്ങളും ഭീകരവിരുദ്ധ പോരാട്ടത്തില്‍ ശ്രദ്ധേയമായ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും ജനീവയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് പുറമെ ഈ സഖ്യങ്ങള്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളും പരസ്പര സഹകരണവും വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള വിദേശ ആസ്തി നിയന്ത്രണ കാര്യാലയവുമായി (OFAC) സഹകരിച്ച് യമനികളായ 11 വ്യക്തികള്‍ക്കും രണ്ട് സംരംഭങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായി കഴിഞ്ഞ ദിവസം ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. മേയില്‍ നടന്ന റിയാദ് ഉച്ചകോടിക്ക് ശേഷം ഭീകരവിരുദ്ധ പോരാട്ടം സംബന്ധിച്ച് അമേരിക്കയുമായി ധാരണാപത്രം ഒപ്പുവെച്ച ആദ്യ രാഷ്ട്രമാണ് ഖത്തര്‍ എന്നത് ശ്രദ്ധേയമാണ്.
നിലവിലെ ഗള്‍ഫ് പ്രതിസന്ധി ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച ടില്ലേഴ്‌സണ്‍ ഐക്യത്തോടെ നിലകൊള്ളുമ്പോഴാണ് ജി.സി.സിക്ക് കൂടുതല്‍ കരുത്തുണ്ടാവുകയെന്നും ഉണര്‍ത്തി. അതില്‍ ഐക്യമുണ്ടാക്കുന്നതിന് അമേരിക്ക ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. വിയോജിപ്പുകള്‍ പരിഹരിക്കാന്‍ മധ്യമസ്ഥത വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സന്നദ്ധത അറിയിച്ചിട്ടുള്ള കാര്യവും അമേരിക്കന്‍ സെക്രട്ടറി ഓര്‍മപ്പെടുത്തി.

Related Articles