Current Date

Search
Close this search box.
Search
Close this search box.

ഭരണഘടനാ ഭേദഗതി സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചു: എര്‍ദോഗാന്‍

അങ്കാറ: ഭരണഘടനാ ഭേദഗതി സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചതായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ജനഹിത പരിശോധനാ ഫലം പുറത്തുവന്നയുടനെ അങ്കാറയിലെ പ്രസിഡന്റ് കൊട്ടാരത്തിന് മുമ്പില്‍ തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലെ മാറ്റത്തെയും പ്രസിഡന്‍ഷ്യല്‍ സംവിധാനം സ്ഥാപിക്കുന്നതിനെയം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഹിതപരിശോധനയോടെ അവസാനിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര നിരീക്ഷകരോട് അവരുടെ പരിധികള്‍ പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. യൂറോപിലെ ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്റ് കോഓപറേഷനെ കുറിച്ച് തുര്‍ക്കി ജനത ഇതുവരെ കേള്‍ക്കുകയോ കാണുകയോ അറിയുകയോ ചെയ്തിരുന്നില്ല. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തുര്‍ക്കി പ്രതിപക്ഷത്തേക്കാള്‍ ശക്തമായിട്ടാണ് ഭരണഘടനാ ഭേദഗതിയെ എതിര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
തുര്‍ക്കിയുടെ ഭരണം പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറുന്നത് സംബന്ധിച്ച ഹിതപരിശോധനയില്‍ 51.41 ശതമാനം ആളുകള്‍ മാറ്റത്തെ അനുകൂലിക്കുകയായിരുന്നു. പ്രസിഡന്റിന് കൂടുതല്‍ അധികാരം വകവെച്ചു നല്‍കുന്നതാണ് ഭേദഗതി. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ലമെന്റിലേക്കും തെരെഞ്ഞെടുപ്പ് നടക്കുന്ന രീതിയാണത് മുന്നോട്ടുവെക്കുന്നത്. പുതിയ ഭരണഘടന പ്രകാരം മന്ത്രിമാരടക്കമുള്ള പൊതുമേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിശ്ചയിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും.
ഹിതപരിശോധനാ ഫലത്തില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് പ്രതിപക്ഷ കക്ഷിയായ റിപബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആരോപണം തള്ളിക്കളഞ്ഞു. വാടകക്കെടുത്ത ഭീകരരെ ഉപയോഗപ്പെടുത്തി തുര്‍ക്കിയെ മുട്ടുകുത്തിക്കാമെന്ന് വിശ്വസിക്കുന്നവര്‍ തങ്ങള്‍ക്ക് സംഭവിച്ച അബദ്ധം ഉടന്‍ തിരിച്ചറിയുമെന്നും എര്‍ദോഗാന്‍ പറഞ്ഞു.

Related Articles