Current Date

Search
Close this search box.
Search
Close this search box.

ഭരണകൂടത്തിനെതിരെ ട്വിറ്ററില്‍ പോസ്റ്റിട്ടതിന് സൗദിയില്‍ രണ്ടു പേര്‍ക്ക് തടവുശിക്ഷ

റിയാദ്: ഭരണകൂടത്തിനെതിരെ വിമര്‍ശനമുന്നയിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടതിന് സൗദി അറേബ്യയില്‍ രണ്ടു പേരെ ആറു വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരായ ഇസ്സ അല്‍ നുകൈഫി,ഇസാം കൊശക് എന്നിവരെയാണ് സൗദി കോടതി തടവിന് ശിക്ഷിച്ചത്.

ഇസ്സ അല്‍ നുകൈഫിക്ക് ആറു വര്‍ഷവും ഇസാം കൊശകിന് നാലു വര്‍ഷവുമാണ് ശിക്ഷ. യെമനില്‍ സൗദി മൂന്നു വര്‍ഷമായി തുടരുന്ന യുദ്ധത്തിലും സൗദിയില്‍ നിലനില്‍ക്കുന്ന മനുഷ്യാവകാശ ലംഘനത്തിനുമെതിരെയായിരുന്നു ഇരുവരും ട്വിറ്ററില്‍ പോസ്റ്റും കമന്റും ഷെയര്‍ ചെയ്തത്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബുധനാഴ്ചയാണ് സൗദി കോടതി ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. രാജ്യത്തിന്റെ പൊതുനിലപാടിന് എതിരാണ് ഇവരുടെ അഭിപ്രായം. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചു. യെമനിലെ സൗദിയുടെ മിലിട്ടറി ക്യാംപയിനെയും സൗദി ഭരണകൂടത്തിന്റെ നിലപാടിനെ അപമാനിച്ചും പോസ്റ്റിട്ടെന്നാരോപിച്ചുമാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി.

രാജ്യത്തെ ക്രിമിനല്‍,സുരക്ഷ നടപടികളുടെ ഭാഗമായാണ് ശിക്ഷ. സൗദിയുടെ ശൂറ സംവിധാനത്തെയും യുവാക്കള്‍ വിമര്‍ശിച്ചിട്ടുണ്ട്. യെമനില്‍ ശിയ വിമതര്‍ക്കെതിരെ സൗദി നടത്തുന്ന യുദ്ധത്തിനെതിരെയാണ് ഇവര്‍ പോസ്റ്റിട്ടിരുന്നത്. ജയില്‍ ശിക്ഷയനുഭവിച്ച ശേഷം ആറുവര്‍ഷം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നതിനും ഇവര്‍ക്ക് വിലക്കുണ്ട്. എന്നാല്‍,കോടതി വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിക്കാനുള്ള അവസരം നിലനില്‍ക്കുന്നുണ്ട്.

 

 

Related Articles