Current Date

Search
Close this search box.
Search
Close this search box.

ഭക്ഷണം കഴിക്കാനുള്ളതാണ് പാഴാക്കാനുള്ളതല്ല: നിസാര്‍ മൊയ്തീന്‍

ദോഹ: ഭക്ഷണം കഴിക്കാനുള്ളതാണെന്നും ഒരു നിലക്കും ഭക്ഷണം പാഴാക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഡോണ്ട് വേസ്റ്റ് ഫുഡ് എന്ന എന്‍.ജി.ഒ. സ്ഥാപകനും ചെയര്‍മാനുമായ നിസാര്‍ മൊയ്തീന്‍ അഭിപ്രായപ്പെട്ടു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ വിഭവങ്ങളും ഭക്ഷണ സാധനങ്ങളും വ്യാപകമായി പാഴാക്കപ്പെടുമ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ കഴിയുന്ന ലോകത്താണ് നാം ജീവിക്കുന്നത്. പല രാജ്യങ്ങളിലും പാഴാക്കുന്ന ഭക്ഷണങ്ങളും വിഭവങ്ങളും ധാരാളമാളുകളുടെ പട്ടിണി ദൂരീകരിക്കുവാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സന്നദ്ധ സംഘടനകളും സാംസ്‌കാരിക വേദികളും ഗവണ്‍മെന്റ് വകുപ്പുകളുമായി കൈകോര്‍ത്ത് ഭക്ഷണം പാഴാക്കുന്നതിനെതിരെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം പാഴാക്കുന്നവര്‍ക്കെതിരെ പല വികസിത രാജ്യങ്ങളിലും പിഴ ചുമത്തുന്ന സംവിധാനങ്ങള്‍ വരെയുണ്ട്. നാം പാഴാക്കുന്ന ഭക്ഷണം മറ്റാരുടെയൊക്കെയോ അവകാശമാണെന്ന് തിരിച്ചറിയുകയും ആരുടേയും അവകാശങ്ങള്‍ ഹനിക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് സാംസ്‌കാരിക ലോകത്ത് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളും കുടുംബങ്ങളും സംഘടകളുമൊക്ക കൈകോര്‍ത്താല്‍ ഈ രംഗത്ത് ആശാവഹമായ മാറ്റേമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഭക്ഷണം മനുഷ്യന്റെ മൗലികമായ ആവശ്യമാണെന്നും ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ഓരോ സമൂഹത്തിന്റേയും ഉത്തരവാദിത്തമെന്നും ചര്‍ച്ച ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ഉപാധ്യക്ഷന്‍ പി.എന്‍. ബാബുരാജന്‍ അഭിപ്രായപ്പെട്ടു. ഉപഭോഗ സംസ്‌കാരം മനുഷ്യനിലുണ്ടാക്കുന്ന നിരുത്തരവാദപരമായ സമീപനങ്ങളെ തിരുത്തുവാനുള്ള അവസരമാണ് ലോക ഭക്ഷ്യ ദിനമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തര്‍ കെ.എം.സി.സി. ഉപദേശക സമിതി അംഗം നിഅ്മതുല്ല കോട്ടക്കല്‍, വിറ്റാമിന്‍ പാലസ് റീജ്യണന്‍ ഡയറക്ടര്‍ അബൂബക്കര്‍ സിദ്ധീക് എന്നിവരും ഭക്ഷ്യ ദിനത്തിന്റെ സന്ദേശത്തെക്കുറിച്ച് സംസാരിച്ചു. ലോകത്തെമ്പാടുമുള്ള അഭയാര്‍ഥി സമൂഹത്തിന്റെ ഭാവിയെ മാറ്റി മറിക്കുക. ഭക്ഷ്യ സുരക്ഷക്കും ഗ്രാമങ്ങളുടെ വികസനത്തിനും വേണ്ടി നിക്ഷേപങ്ങള്‍ നടത്തുകയെന്ന വിശാലമായ പ്രമേയമാണ് ഈ വര്‍ഷത്തെ ഭക്ഷ്യദിനത്തിന്റെ മുദ്രാവാക്യമായി ഐക്യ രാഷ്ട്ര സംഘടനയുടെ ഫുഡ് ആന്റ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

Related Articles