Current Date

Search
Close this search box.
Search
Close this search box.

ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതുമെന്ന് ദലിത്, മുസ്‌ലിം നേതാക്കള്‍

അഹ്മദാബാദ്: ഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങളെയും അതിനോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ചിരിക്കുന്ന നിഷ്‌ക്രിയത്വത്തെയും അപലപിച്ച് ഞായറാഴ്ച്ച അഹ്മദാബാദില്‍ കൂറ്റന്‍ പ്രകടനം നടന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ചത്ത കാലികളുടെ തുകല്‍ ഉരിക്കുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ദലിത് നേതാക്കള്‍ തങ്ങളുടെ സമുദായക്കാരോട് ആവശ്യപ്പെട്ടു. ഗുജറാത്തിലെ ഉനയില്‍ ചത്തപശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ ദലിത് യുവാക്കളെ മര്‍ദിച്ചതിലുള്ള പ്രതിഷേധം ശക്തമായി തുടരുകയാണ്. ‘ഉന ദലിത് അത്യാചാര്‍ ലഡാത് സമിതി’ സബര്‍മതി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ അമ്പതിനായിരത്തില്‍ പരം ദലിതുകളും മുസ്‌ലിംകളും പങ്കെടുത്തു.
ഉനയില്‍ ഇരയാക്കപ്പെട്ട ദലിത് യുവാക്കളുടെ ബന്ധുക്കളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ ജീവിതം നരകതുല്യമാക്കിയ ഗോരക്ഷകര്‍ ഇപ്പോള്‍ തങ്ങളെ ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉനയിലെ പോലീസ് കുറ്റവാളികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അവര്‍ ആരോപിച്ചു. ബി.ജെ.പിയിലും കോണ്‍ഗ്രസിലുമുള്ള ദലിത് എം.എല്‍.എമാരെ ബ്രാഹ്മണ മേധാവിത്വ പാര്‍ട്ടികളുടെ അടിമകള്‍ എന്നാണ് പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ചത്.
സമുദായത്തെ ബോധവല്‍കരിക്കുന്നതിന് അഹ്മദാബാദില്‍ നിന്ന് ഉനയിലേക്ക് ഒരു പദയാത്ര സംഘടിപ്പിക്കാന്‍ റാലിയെ അഭിസംബോധന ചെയ്ത ഐ.പി.എസ് ഓഫീസര്‍ രാഹുല്‍ ശര്‍മ നിര്‍ദേശിച്ചു. സമ്മേളനത്തിന് നേതൃത്വം നല്‍കിയ ജിഗ്‌നേഷ് മെവാനി പ്രസ്തുത നിര്‍ദേശം സ്വീകരിക്കുകയും ചെയ്തു. ആഗസ്റ്റ് 5ന് അഹ്മദാബാദിലെ സരണ്‍പൂറില്‍ നിന്നും ആരംഭിച്ച് ആഗസ്റ്റ് 15ന് ഉനയില്‍ സമാപിക്കുന്ന രീതിയില്‍ പദയാത്ര സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മെവാനി പറഞ്ഞു. ദലിത് ആക്രമണങ്ങള്‍ക്കെതിരെയുള്ള പദയാത്രക്കായി മുസ്‌ലിംകളെ സംഘടിപ്പിക്കുമെന്ന് INSAF ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു. ഇന്‍സാഫ്, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Related Articles