Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡിനെ സൗദി അറേബ്യ ഭീകരപട്ടികയില്‍ നിന്നും നീക്കുന്നു

റിയാദ്: ഭീകരപട്ടികയില്‍ നിന്നും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പേര് നീക്കം ചെയ്യാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2014 മാര്‍ച്ചിലാണ് സൗദി അറേബ്യയില്‍ മുസ് ലിം ബ്രദര്‍ഹുഡ് നിരോധിക്കപ്പെട്ടത്. മുസ്‌ലിം ബ്രദര്‍ഹുഡ് ഉദ്യോഗസ്ഥരും സല്‍മാന്‍ രാജാവിന്റെ പ്രതിനിധികളും തമ്മില്‍ ലണ്ടന്‍, റിയാദ്, ഇസ്താംബൂള്‍ എന്നിവിടങ്ങളില്‍ ഭീകരപട്ടികയില്‍ നിന്ന് ബ്രദര്‍ഹുഡിന്റെ പേര് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നതായി ഉന്നതലവൃത്തങ്ങള്‍ അറിയിച്ചു. ഇതാണ് സംഘടനയുടെ പേര് ഭീകരപട്ടികയില്‍ നിന്നും ചെയ്യുന്നതിനുള്ള ആലോചനയിലേക്ക് സൗദിയെ നയിച്ചത്.
മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള ആളുകള്‍ക്ക് സൗദിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യല്‍, സൗദി ബാങ്കുകളില്‍ മരവിപ്പിക്കപ്പെട്ടിരുന്ന മില്ല്യണ്‍ കണക്കിന് ഡോളറുകള്‍ വ്യക്തികള്‍ക്ക് തന്നെ വിട്ടു കൊടുക്കുക, ബ്രദര്‍ഹുഡുമായി ബന്ധമുള്ള വ്യക്തികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയവുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ തന്നെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ സിറിയയുമായി ബന്ധപ്പെട്ട റഷ്യന്‍ പദ്ധതിക്ക് അനുകൂലമായി ഈജിപ്ത് വോട്ട് രേഖപ്പെടുത്തിയത് മുതല്‍ക്ക് സൗദി-ഈജിപ്ത് ബന്ധത്തില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. റഷ്യക്ക് അനുകൂലമായി വോട്ട് ചെയ്തതിനുള്ള മറുപടിയായി ഈജിപ്തിലേക്കുള്ള എണ്ണ കപ്പലുകള്‍ സൗദി അറേബ്യ തടഞ്ഞ് വെച്ചിരുന്നു. സൗദിയുമായുള്ള ബന്ധം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ബ്രദര്‍ഹുഡിന്റെ ശ്രമങ്ങള്‍ക്ക് ഇതും സഹായകരമായി വര്‍ത്തിച്ചിട്ടുണ്ടാകാം.
ബ്രദര്‍ഹുഡുമായുള്ള ബന്ധം സാധാരണഗതിയിലാക്കല്‍ പ്രക്രിയ സംഘടനയുടെ പേര് ഭീകരപട്ടികയില്‍ നിന്ന് നീക്കുന്നതില്‍ മാത്രം പരിമിതപ്പെടുകയില്ലെന്നും മറിച്ച് സംഘടനക്ക് എല്ലാവിധ രാഷ്ട്രീയ പിന്തുണയും സൗദി നല്‍കുമെന്നും ഉന്നതതലവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Related Articles