Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡിനെ ഭീകരലിസ്റ്റില്‍ ചേര്‍ക്കുന്നതിനെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: മുസ്‌ലിം ബ്രദര്‍ഹുഡിനെ വൈദേശിക ഭീകരസംഘടനകളുടെ പട്ടികയിള്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ അമേരിക്കന്‍ ഭരണകൂടത്തിന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ മുന്നറിയിപ്പ്. ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് ട്രംപ് ഭരണകൂടം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയില്‍ മുസ്‌ലിം കൂട്ടായ്മകള്‍ ഉണ്ടാക്കാനുള്ള അവകാശത്തെ വെല്ലുവിളിക്കുന്നതും മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലെ പങ്കാളിത്തത്തിന് തടയിടുന്നതുമാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെട്ടു. ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ചേര്‍ക്കുന്നത് ഭീകരസംഘടനകളോട് അതിനെ തെറ്റായി സമീകരിക്കുന്നതിലേക്കാണ് നയിക്കുകയെന്നും നിയമവിധേയമായ അതിന്റെ പ്രവര്‍ത്തനങ്ങളുടെ സാധുത അതില്ലാതാക്കുമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ അമേരിക്കയുടെ ദേശീയസുരക്ഷാ ഉപദേശക ലോറ പീറ്റര്‍ പറഞ്ഞു. ഏതെങ്കിലും വൈദേശിക സംഘടനയുടെ ഭാഗത്തു നിന്നും തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളോ അതിനുള്ള മുന്നൊരുക്കങ്ങളോ ഉദ്ദേശ്യമോ ശ്രദ്ധയില്‍ പെട്ടാല്‍ അവയെ ഭീകരപട്ടികയില്‍ ചേര്‍ക്കുന്നതിന് വിദേശകാര്യ സെക്രട്ടറിക്ക് വിപുലമായ അധികാരമാണ് ഫെഡറല്‍ നിയമം വകവെച്ചു നല്‍കുന്നത്.
2013ല്‍ ഈജിപ്ത് ഭരണകൂടം മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ചേര്‍ത്തപ്പോള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.
വാഷിംഗ്ടണ്‍ ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ചേര്‍ക്കുന്നത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രൊജക്ട് ഓണ്‍ മിഡിലീസ്റ്റ് ഡെമോക്രസി (POMED) ഡെപ്യൂട്ടി ഡയറക്ടര്‍ കോള്‍ ബോക്കെന്‍ഫെല്‍ഡ് പറഞ്ഞു. തൊണ്ണൂറിലേറെ വര്‍ഷം പഴക്കമുള്ളതും നിരവധി രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതുമായ പഴക്കവും വൈപുല്യവുമുള്ള ഒന്നാണ് ഈ സംഘടനയെന്നും (ബ്രദര്‍ഹുഡ്) അദ്ദേഹം സൂചിപ്പിച്ചു. ബ്രദര്‍ഹുഡ് അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും സമാധാനകാംക്ഷികളും അക്രമത്തെ അംഗീകരിക്കാത്തവരുമാണെന്നും അതിനെ ഭീകരസംഘടനായി എണ്ണുന്നത് ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം നടപടികള്‍ തീവ്രവാദ സംഘടനകളെ ശക്തിപ്പെടുത്തുകയും അമേരിക്കക്ക് വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related Articles