Current Date

Search
Close this search box.
Search
Close this search box.

ബോട്ടപകടം: 6000 ലധികം ലിബിയന്‍ അഭയാര്‍ഥികളെ രക്ഷപ്പെടുത്തി

റോം: യൂറോപിലേക്ക് ദുര്‍ഘടമായ സമുദ്രവഴിയിലൂടെ പോകവെ അപകടത്തില്‍പ്പെട്ട ബോട്ടുകളില്‍ നിന്നും ആറായിരത്തിലധികം ലിബിയന്‍ അഭയാര്‍ഥികളെ രക്ഷപ്പെടുത്തി. 22 അഭയാര്‍ഥികള്‍ അപകടത്തില്‍ മരിച്ചു. ഒരു ദിവസത്തില്‍ അപകടത്തില്‍പ്പെട്ടിട്ട് രക്ഷപ്പെടുത്തുന്ന ഏറ്റവും വലിയ സംഖ്യയാണിതെന്ന് ഇറ്റലിയിലെയും ലിബിയയിലെയും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഒമ്പത് അഭയാര്‍ഥികള്‍ മരിച്ചതായും ഗര്‍ഭിണിയായ സ്ത്രീയെയും ഒരു കുട്ടിയെയും ഇറ്റലിയിലെ ദ്വീപായ ലാംപെഡുസയിലെ ആശുപത്രിയിലേക്ക് ഹെലികോപ്ടര്‍ മാര്‍ഗം മാറ്റിയതായും ഇറ്റാലിയന്‍ തീരദേശ സേന വ്യക്തമാക്കി. ലിബിയന്‍ തലസ്ഥാനമായ ട്രിപോളിയുടെ കിഴക്കന്‍ തീരദേശ മേഖലയില്‍ നിന്നും 11 അഭായാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തതായും പടിഞ്ഞാറന്‍ നഗരമായ സബ്രാതയിലുണ്ടായ ബോട്ടപകടത്തില്‍ മറ്റു രണ്ടുപേര്‍ മരിച്ചതായും ലിബിയന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട ഒറ്റ റബ്ബര്‍ ബോട്ടില്‍ ഉണ്ടായിരുന്ന 725 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ തീരദേശ സേനവ്യക്തമാക്കി. ലിബിയയുടെ തീരദേശത്തുനിന്നും 30 മൈല്‍ അകലെ നടന്ന രക്ഷാപ്രവര്‍ത്തനത്തിന് തീരദേശസേനയുടെ 10 കപ്പലുകള്‍, നാവികസേന, മാനവിക സംഘടനകള്‍ തുടങ്ങിയവ പങ്കുചേര്‍ന്നു. ലിബിയന്‍ നാവിക-തീരസേനയുടെ പട്രോളിങ്ങിനിടെ 450 ലധികം അഭയാര്‍ഥികളുമായി വരുകയായിരുന്ന മൂന്ന് വ്യത്യസ്ഥ ബോട്ടുകള്‍ തടസ്സപ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു. ലാംപെഡുസ ദ്വീപില്‍ അഭയാര്‍ഥികളുമായി വന്ന ബോട്ട് മുങ്ങുകയും 386 പേര്‍ മരിക്കുകയും ചെയ്തതിന്റ മൂന്നാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. ഈ വര്‍ഷം ഇതുവരെ 132,000 അഭയാര്‍ഥികള്‍ ഇറ്റലിയില്‍ എത്തിയതായും ഇതില്‍ 3054 പേര്‍ മരിച്ചതായും അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന വ്യക്തമാക്കി

Related Articles