Current Date

Search
Close this search box.
Search
Close this search box.

ബോംബ് വര്‍ഷം അവസാനിക്കാതെ കിഴക്കന്‍ ഗൂത: 48 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 136 പേര്‍

ദമസ്‌കസ്: ‘ദൈവത്തിന് മാത്രമേ ഇനി ഈ ബോംബിങ് അവസാനിപ്പിക്കാന്‍ കഴിയൂ. എല്ലാ ദിവസവും കൂട്ടക്കൊലകളാണ് ഇവിടെ നടക്കുന്നത്. വെള്ളമെടുക്കാനായി നിര്‍മിച്ച കിണറുകളിലാണ് ഞങ്ങള്‍ അഭയം തേടുന്നത്. ഞങ്ങള്‍ക്കറിയാം ഇവ സുരക്ഷിതമല്ലെന്ന്, പക്ഷേ ഞങ്ങള്‍ക്കു മുന്നില്‍ മറ്റു വഴികളില്ല’. കിഴക്കന്‍ ഗൂത നിവാസിയായ അമര്‍ അല്‍ ബാഷിയുടെ വാക്കുകളാണിത്. സിറിയയിലെ ആഭ്യന്തര യുദ്ധം എത്രത്തോളം ഭീതിപ്പെടുത്തുന്നതാണെന്ന് ഈ വാക്കുകളില്‍ നിന്ന് വ്യക്തമാവും.  

ബോംബുകള്‍ തീമഴ പോലെ പെയ്തിറങ്ങുകയാണ് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനടുത്ത കിഴക്കന്‍ ഗൂതയില്‍. റഷ്യയുടെയും സിറിയയുടെയും സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം കൊല്ലപ്പെട്ടത് 136 പേരാണ്. ഇതില്‍ 22 പേര്‍ കുട്ടികളും 21 പേര്‍ സ്ത്രീകളുമാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കിഴക്കന്‍ ഗൂതയില്‍ നിലക്കാതെ ബോംബ് പ്രവഹിക്കുന്നത്.

പ്രദേശത്തെ മുഴുവന്‍ കെട്ടിടങ്ങളും വീടുകളും കുടുംബങ്ങളുമടക്കം തകര്‍ന്നടിഞ്ഞു കിടക്കുകയാണ്. വിമതരുടെ ശക്തികേന്ദ്രങ്ങള്‍ എന്നാരോപിച്ചാണ് റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന പ്രദേശത്തെ ഒന്നാകെ തരിപ്പണമാക്കുന്നത്. ഇവിടെ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്നത് നിരപരാധികളാണെന്നതാണ് യാഥാര്‍ത്ഥ്യം.

കഴിഞ്ഞ ഏപ്രിലില്‍ ഇദ്‌ലിബില്‍ നടന്ന രാസായുധ പ്രയോഗത്തിനു ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയാണ് ചൊവ്വാഴ്ച ഇവിടെ നടന്നതെന്ന് സിറിയയിലെ മനുഷ്യാവകാശ സംഘടന പറഞ്ഞു. ഭക്ഷണവും വെള്ളവും മറ്റു അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ കടുത്ത ദുരിതത്തിലാണ് ഇവിടെ ജനങ്ങള്‍ കഴിയുന്നത്. സന്നദ്ധ സംഘടനകളുടെയും യു.എന്നിന്റെയും നേതൃത്വത്തിലുള്ള അഭയാര്‍ത്ഥി ക്യാംപുകളിലാണ് പലരും കഴിയുന്നത്. 2013 മുതല്‍ കിഴക്കന്‍ ഗൂത വിമതരുടെ നിയന്ത്രണത്തിലാണ്. വിമതരെ നേരിടാണെന്ന പേരിലാണ് സിറിയന്‍ സഖ്യസേന കിഴക്കന്‍ ഗൂതയിലടക്കം നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നത്.

 

Related Articles