Current Date

Search
Close this search box.
Search
Close this search box.

ബാല്‍ഫര്‍ കരാര്‍; ബ്രിട്ടന്‍ മാപ്പുപറയണമെന്ന് അബ്ബാസ്

ന്യൂയോര്‍ക്ക്: ഒരു നൂറ്റാണ്ടു മുമ്പുണ്ടാക്കിയ ബാല്‍ഫര്‍ കരാറിന്റെ പേരില്‍ ബ്രിട്ടന്‍ മാപ്പുപറയുകയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും വേണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. കുടിയേറ്റത്തിനെതിരെ രക്ഷാസമിതിയെ സമീപിക്കുമെന്നും അദ്ദേഹം ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പ്രഖ്യാപിച്ചു. ബാല്‍ഫര്‍ ഉടമ്പടി കാരണം ഫലസ്തീന്‍ ജനത ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ ജൂതമാര്‍ക്ക് രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണക്കുന്നു എന്നാണതില്‍ ബ്രിട്ടന്‍ പറഞ്ഞത്. അവിടെ ജീവിക്കുന്ന മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിച്ചു കൊണ്ടായിരിക്കരുത് അതെന്നും അബ്ബാസ് പറഞ്ഞു.
1917 നവംബറിലാണ് ബ്രിട്ടീഷ് ഭരണകൂടം ബാല്‍ഫര്‍ പ്രഖ്യാപനം നടത്തുന്നത്. ഫലസ്തീനില്‍ ജൂത രാഷ്ട്രം സ്ഥാപിക്കാന്‍ അനുവദിച്ചു കൊണ്ടുള്ള പ്രസ്തുത പ്രഖ്യാപനം അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ആര്‍ഥര്‍ ജെയിംസ് ബാല്‍ഫറിന്റെ പേരിലേക്ക് ചേര്‍ത്താണ് പ്രസ്തുത പേരില്‍ അറിയപ്പെട്ടത്.
ബാല്‍ഫര്‍ കരാറിന്റെ നിയമപരവും രാഷ്ട്രീയവും ഭൗതികവുമായ എല്ലാ ഉത്തരവാദിത്വവും ബ്രിട്ടന്‍ ഏറ്റെടുക്കുകയും അതിന്റെ പേരില്‍ ഫലസ്തീന്‍ ജനത അനുഭവിച്ച ദുരിതത്തിലും അതിക്രമത്തിലും  മാപ്പുപറയുകയും വേണം. ഫലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചു കൊണ്ട് ചരിത്രപരമായ ഈ ദുരന്തത്തെയും അതിന്റെ അനന്തരഫലങ്ങളെയും ചികിത്സിക്കുകയും ചെയ്യേണ്ടതുണ്ട്. 1993ല്‍ ഫലസ്തീനികള്‍ ഇസ്രയേലിനെ അംഗീകരിച്ചത് സൗജന്യമായിട്ടല്ല. അതിന് സമാനമായ രീതില്‍ ഇസ്രയേല്‍ ഫലസ്തീന്‍ രാഷ്ട്രത്തെയും അംഗീകരിക്കേണ്ടതുണ്ട്. എന്നും അബ്ബാസ് വ്യക്തമാക്കി. എന്നാല്‍ ഫലസ്തീനെ അംഗീകരിക്കുന്നതിന് പകരം ഫലസ്തീന്‍ ജനതക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കുകയാണെന്നും അബ്ബാസ് സൂചിപ്പിച്ചു.
അതേസമയം ഇസ്രയേലികള്‍ക്കും ഫലസ്തീനികള്‍ക്കും ഇടയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ കുടിയേറ്റ കേന്ദ്രങ്ങളെയോ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ചൊല്ലിയോ അല്ലെന്നും മറിച്ച് ജൂതരാഷ്ട്രത്തിന്റെ -അതിന്റെ അതിര്‍ത്തി എന്താണെങ്കിലും- സാന്നിദ്ധ്യത്തെ ചൊല്ലിയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രതികരിച്ചു. കുടിയേറ്റം സംബന്ധിച്ച പ്രശ്‌നങ്ഹള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ അദ്ദേഹം ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അബ്ബാസിനെ ക്ഷണിക്കുകയും ചെയ്തു. അതോടൊപ്പം റാമല്ലയില്‍ ഫലസ്തീന്‍ നിയമനിര്‍മാണ സമിതിയെ അഭിസംബോധന ചെയ്യാനുള്ള തന്റെ സന്നദ്ധത നെതന്യാഹു അറിയിക്കുകയും ചെയ്തു.

Related Articles