Current Date

Search
Close this search box.
Search
Close this search box.

ബാല്‍ഫര്‍ ഉടമ്പടി; ബ്രിട്ടന്‍ മാപ്പുപറയണമെന്ന് യൂറോപ്യന്‍ ഫലസ്തീനികള്‍

റോട്ടര്‍ഡാം: ഫലസ്തീന്‍ അധിനിവേശത്തിനും അവിടത്തെ ജനങ്ങളെ കുടിയിറക്കുന്നതിലേക്കും നയിച്ച ബാല്‍ഫര്‍ ഉടമ്പടിയുടെ പേരില്‍ ബ്രിട്ടന്‍ ഔദ്യോഗികമായി ക്ഷമാപണം നടത്തണമെന്ന് യൂറോപ്യന്‍ ഫലസ്തീനികളുടെ സമ്മേളനം ആവശ്യപ്പെട്ടു. ‘100 വര്‍ഷങ്ങള്‍.. വിജയിക്കുന്ന ജനതയും തകര്‍ക്കാനാവാത്ത നിശ്ചയദാര്‍ഢ്യവും’ എന്ന തലക്കെട്ടില്‍ ഹോളണ്ടിലെ റോട്ടര്‍ഡാമില്‍ ചേര്‍ന്ന 15ാമത് സമ്മേളനത്തിന്റെ സമാപന പ്രസ്താവനയാണിത് ആവശ്യപ്പെട്ടത്. ഫലസ്തീന്‍ ജനത അവരുടെ മണ്ണില്‍ നിന്നും വീടുകളില്‍ നിന്നും കുടിയിറക്കപ്പെട്ടതിന് കാരണമായി എന്നതിനപ്പുറം നീതിയുടെയും അവകാശങ്ങളുടെയും അടിസ്ഥാന മാനദണ്ഡങ്ങളെ ലംഘിക്കുന്ന ഒന്നായിരുന്നു ബാല്‍ഫര്‍ ഉടമ്പടിയെന്ന് പ്രസ്താവന വ്യക്തമാക്കി.
ബാല്‍ഫര്‍ ഉടമ്പടിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഈ സമ്മേളനം നടന്നത്. ഫലസ്തീന്‍ ജനതയുടെ ദുരന്തം ആരംഭിച്ചിട്ട് നൂറ് വര്‍ഷമായെങ്കിലും അതൊരിക്കലും ഫലസ്തീന്‍ ജനതക്ക് അവരുടെ മണ്ണിലുള്ള അവകാശത്തെ ഇല്ലാതാക്കുന്നില്ലെന്നും പ്രസ്താവന പറഞ്ഞു. നീതിയിലും മാനുഷിക മൂല്യങ്ങളിലും വിശ്വസിക്കുന്ന ശക്തികള്‍ അധിനിവേശ ഇസ്രയേലിനെ ബഹിഷ്‌കരിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. തെല്‍അവീവില്‍ നിന്നും എംബസി ഖുദ്‌സിലേക്ക് മാറ്റാനുള്ള ചില രാഷ്ട്രങ്ങളുടെ നീക്കത്തെയും ഗസ്സക്ക് മേലുള്ള ഉപരോധം തുടരുന്നതിനെയും കുറിച്ച് സമ്മേളനം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തങ്ങളുടെ മണ്ണിലേക്ക് മടങ്ങാനുള്ള ഫലസ്തീനികളുടെ അവകാശം ഉറപ്പിക്കലും നാട്ടില്‍ നിന്നകന്ന് കഴിയുന്ന ഫലസ്തീനികളുടെ മക്കളുടെ ഉള്ളില്‍ സ്വന്തം നാടിനെ കുറിച്ച ചിന്തയുണ്ടാക്കലുമാണ് സമ്മേളനം ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Related Articles