Current Date

Search
Close this search box.
Search
Close this search box.

ബാങ്ക് നിരോധനത്തില്‍ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്കില്‍ സംയുക്ത ബാങ്ക്‌വിളി

നാബുലുസ് :  ബാങ്ക്‌വിളി നിരോധിച്ച ഇസ്രായേല്‍ സര്‍ക്കാറിന്റെ നടപടിക്കെതിരെ നാബുലുസ് സ്‌ക്വയറില്‍ ഒത്തുകൂടിയ നൂറ് കണക്കിന് വരുന്ന മുസ്‌ലിംകളും, സുമേരിയന്‍ ജൂതവിശ്വാസികളും, ക്രിസ്ത്യാനികളും സംയുക്തമായി ബാങ്ക് വിളിച്ചു കൊണ്ട് പ്രതിഷേധിച്ചു.
പ്രദേശവാസികളും, വ്യത്യസ്ത ഫലസ്തീന്‍ സംഘടനകളുടെ പ്രതിനിധികളും, മൂന്ന് മതങ്ങളില്‍ നിന്നുള്ള വിശ്വാസികളും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു. ‘മിനാരങ്ങള്‍ ഒരിക്കലും നിശബ്ദമാകുകയില്ല’ എന്ന മുദ്രാവാക്യം പ്രതിഷേധക്കാര്‍ ഉയര്‍ത്തി. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം സംയുക്തമായി ബാങ്ക് വിളിച്ചു.
ഞങ്ങളുടെ പുണ്യസ്ഥലങ്ങള്‍ വെച്ച് കൊണ്ടുള്ള കളി അവസാനിപ്പിക്കുക എന്ന സന്ദേശമാണ് ഇസ്രായേല്‍ അധിനിവേശ സര്‍ക്കാറിന് ഇതിലൂടെ നല്‍കുന്നത് എന്ന് പരിപാടിയുടെ മുഖ്യസംഘാടകനായ മാസിന്‍ അല്‍ദന്‍ബക്ക് പറഞ്ഞു. ‘അധിനിവേശകരോട് ഞങ്ങളുടെ ഭൂമി വിട്ട് പോകാന്‍ ഞങ്ങള്‍ പറയുന്നു. മിനാരങ്ങള്‍ നിശബ്ദമാക്കാനും, അല്ലാഹു അക്ബര്‍ ധ്വനി നിര്‍ത്തലാക്കാനും നിങ്ങള്‍ക്കൊരിക്കലും സാധിക്കില്ലെന്ന് ഞങ്ങള്‍ ആണയിട്ട് പറയുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മസ്ജിദുകളും ചര്‍ച്ചുകളും കൈയ്യടക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഈ പ്രതിഷധം ഇസ്രായേല്‍ അധിനിവേശകര്‍ക്ക് നല്‍കുന്നത് എന്ന് നാബുലുസ് ഗവര്‍ണര്‍ അക്രം അല്‍റജൂബ് പറഞ്ഞു.
ബാങ്കുവിളി നിര്‍ത്തലാക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തെ നബുലുസിലെ കാത്തലിക് ചര്‍ച്ച് ബിഷപ്പ് യൂസഫ് സാഅ്ദ അപലപിച്ചു. അധിനിവേശകരുടെ ധാര്‍മികവും രാഷ്ട്രീയവുമായ പാപ്പരത്തമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
‘എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നത് വരേക്കും സുരക്ഷയും സമാധാനവും ഉണ്ടാവുകയില്ല. ദിവസത്തില്‍ അഞ്ച് നേരം അല്ലാഹു അക്ബര്‍ മസ്ജിദില്‍ നിന്ന് ഉയരുന്നതും, ഞായറാഴ്ച്ചകളില്‍ ചര്‍ച്ചില്‍ നിന്നും മണിനാദം കേള്‍ക്കുകയും ചെയ്താല്‍ ഞങ്ങള്‍ സുമേരിയക്കാര്‍ സുരക്ഷിതരാണ് എന്നാണര്‍ത്ഥം.’ ജൂതവിഭാഗത്തില്‍പെട്ട സുമേരിയക്കാരുടെ സെക്രട്ടറി പറഞ്ഞു.

Related Articles