Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദി ജീവനോടെ തന്നെയുണ്ടെന്ന് പെന്റഗണ്‍

വാഷിംഗ്ടണ്‍: ഐ.എസ് തലവന്‍ അബൂ ബക്കര്‍ അല്‍ബാഗ്ദാദിയെ വധിക്കാന്‍ ഒരുപാട് ശ്രമങ്ങള്‍ നടന്നുവെങ്കിലും അദ്ദേഹം ജീവനോടെ തന്നെയുണ്ടെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഈ മാസത്തിന്റെ ആദ്യത്തില്‍ ഐ.എസ് തലവന്‍ കൊല്ലപ്പെട്ടതായും, മുതിര്‍ന്ന ഐ.എസ് നേതാക്കള്‍ ഇറാഖില്‍ അടിയന്തരയോഗം ചേര്‍ന്നതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്ന സംഘടന ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ അത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ‘ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടെന്നും, അയാള്‍ തന്നെയാണ് ഐ.എസ്സിനെ നയിക്കുന്നതെന്നുമാണ് യു.എസ് സെക്യൂരിറ്റി ഏജന്‍സികള്‍ വിശ്വസിക്കുന്നത്’ എന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് പറഞ്ഞു. ‘അയാളുടെ നീക്കങ്ങള്‍ അറിയാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്. അയാള്‍ അര്‍ഹിക്കുന്ന നീതി അയാള്‍ക്ക് ലഭ്യമാക്കാനുള്ള ഏതൊരു അവസരവും ഞങ്ങള്‍ വിനിയോഗിക്കും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 ജൂണിലാണ് അവസാനമായി ബാഗ്ദാദി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മൗസിലില്‍ വെച്ചാണ് ആ വീഡിയോ റെക്കോഡ് ചെയ്തിരുന്നത്. അതിന് ശേഷം ബാഗ്ദാദിയുടെ മുഖം ആരും കണ്ടിട്ടില്ല.

Related Articles