Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈനെതിരെ ഇറാന്റെ താക്കീത് ആവര്‍ത്തിച്ച് ഖാംനഈ

തെഹ്‌റാന്‍: വിദേശരാഷ്ട്രത്തോട് കൂറ് പുലര്‍ത്തുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് ശിയാ നേതാവിന്റെ പൗരത്വം റദ്ദാക്കിയ നടപടിക്കെതിരെ ബഹ്‌റൈന് താക്കീതുമായി ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയും രംഗത്ത്. ‘ധീരരായ ബഹ്‌റൈന്‍ യുവാക്കള്‍ക്ക് ഭരണകൂടത്തോട് ഏറ്റുമുട്ടുന്നതിനുള്ള കവാടം തുറന്നു കൊടുക്കുകയാണ്’ ഈ തീരുമാനമെന്ന് അദ്ദേഹം മുന്നറിപ്പ് നല്‍കി. ബഹ്‌റൈന്റെ നടപടിയെ വിഡ്ഢിത്വമെന്നാണ് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ ഖാംനഈ വിശേഷിപ്പിച്ചത്.
ധീരരായ ബഹ്‌റൈന്‍ യുവാക്കള്‍ക്ക് ഭരണകൂടവുമായി ഏറ്റുമുട്ടുന്നതിനുണ്ടായിരുന്ന തടസ്സങ്ങള്‍ നീക്കപ്പെട്ടിരിക്കുകയാണ് ശൈഖ് ഖാസിമിനെതിരെയുള്ള അതിക്രമത്തിലൂടെയെന്ന് അദ്ദേഹം പറഞ്ഞു. ശിയാ നേതാവിനെതിരെയുള്ള നടപടിക്ക് ശേഷം ബഹ്‌റൈന് താക്കീത് നല്‍കി കൊണ്ടുള്ള ഇറാന്‍ പ്രസ്താവനകളില്‍ അവസാനത്തേതാണ് ഖാംനഈയുടെ ഈ പ്രസ്താവന. ബഹ്‌റൈനില്‍ രക്തരൂക്ഷിത ഇന്‍തിഫാദക്ക് തുടക്കം കുറിക്കപ്പെടുമെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് നേതാവ് ജനറല്‍ ഖാസിം സുലൈമാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അപ്രകാരം ഇറാനോട് കൂറ് പുലര്‍ത്തുന്ന ഇറാഖിലെ ചില സായുധ ഗ്രൂപ്പുകളും ബഹ്‌റൈനെതിരെ പരസ്യ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.
വൈദേശിക ശക്തികളുമായി ബന്ധമുള്ള സംഘടനകള്‍ക്ക് രൂപം നല്‍കുകയും രാജ്യത്ത് വിഭാഗീയാന്തരീക്ഷം ഒരുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഈസാ ഖാസിമിന്റെ പൗരത്വം ബഹ്‌റൈന്‍ പിന്‍വലിച്ചത്. വൈദേശിക ശക്തികളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി മതവേദികള്‍ ഉപയോഗപ്പെടുത്തിയെന്ന ആരോപണവും അദ്ദേഹത്തിനെതിരെയുണ്ട്.

Related Articles