Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈനില്‍ അക്രമണങ്ങളുണ്ടാകുമെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ താക്കീത്

തെഹ്‌റാന്‍: ജനതക്കെതിരെ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ ബഹ്‌റൈനില്‍ സായുധ പ്രതിരോധവും രക്തരൂക്ഷിത ഇന്‍തിഫാദയും പൊട്ടിപ്പുറപ്പെടുമെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി മുന്നറിയിപ്പ് നല്‍കി. ബഹ്‌റൈനിലെ ഏറ്റവും പ്രമുഖ ശിയാ നേതാവായി കണക്കാക്കപ്പെടുന്ന ശൈഖ് ഈസാ അഹ്മദ് ഖാസിമിന്റെ പൗരത്വം ഭരണകൂടം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് സുലൈമാനിയുടെ ഈ പ്രസ്താവന. ഈസാ ഖാസിമിനെതിരെയുള്ള അതിക്രമം ഇറാനെ സംബന്ധിച്ചടത്തോളം നിയന്ത്രണ രേഖയാണ്. ബഹ്‌റൈനിലും പ്രദേശത്തും തീപ്പൊരിയുണ്ടാക്കലാണ് അത് മറികടക്കുന്നത് അര്‍ഥമാക്കുന്നത്. സായുധ പ്രതിരോധമല്ലാത്ത മറ്റൊരു മാര്‍ഗവും ബഹ്‌റൈന്‍ ജനതക്ക് മുന്നിലില്ലെന്നും സുലൈമാനി പറഞ്ഞു.
ശിയാ ആത്മീയ നേതാവ് ഈസാ ഖാസിമിന്റെ പൗരത്വം റദ്ദാക്കിയ നടപടി ചര്‍ച്ചയിലൂടെ അനുരഞ്ജനത്തിലെത്താമെന്നുള്ള പ്രതീക്ഷകളെയാണ് തച്ചുടച്ചിരിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തണമെന്നും ജനതയോടും മിതവാദികളായ നേതാക്കളോടുമുള്ള ബന്ധത്തിന്റെ പാലം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇറാന്‍ പ്രസ്താവന ബഹ്‌റൈന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
അതേസമയം ഖാസിമിന്റെ പൗരത്വം പിന്‍വലിച്ച നടപടിയോടുള്ള രോഷം പ്രകടിപ്പിക്കാന്‍ ബഹ്‌റൈന്‍ ജനതയോട് ലബനാന്‍ ഹിസ്ബുല്ലയും ആഹ്വാനം ചെയ്തിട്ടുണ്ട്. തിക്തഫലങ്ങളുണ്ടാക്കുന്ന നടപടിയാണിതെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി.
ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ സ്വീകരിച്ചിട്ടുള്ള നടപടിക്ക് സൗദി മന്ത്രിസഭ പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം ശിയാ നേതാവിന്റെ പൗരത്വം പിന്‍വലിച്ച നടപടിയില്‍ അമേരിക്ക ഉത്കണ്ഠ രേഖപ്പെടുത്തി. ബഹ്‌റൈന്റെ തീരുമാനത്തിന്റെ വിശ്വാസ്യതക്ക് തെളിവില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി അഭിപ്രായപ്പെട്ടു.
വൈദേശിക ശക്തികളുമായി ബന്ധമുള്ള സംഘടനകള്‍ക്ക് രൂപം നല്‍കുകയും രാജ്യത്ത് വിഭാഗീയാന്തരീക്ഷം ഒരുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഈസാ ഖാസിമിന്റെ പൗരത്വം ബഹ്‌റൈന്‍ പിന്‍വലിച്ചത്. വൈദേശിക ശക്തികളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി മതവേദികള്‍ ഉപയോഗപ്പെടുത്തിയെന്ന ആരോപണവും അദ്ദേഹത്തിനെതിരെയുണ്ട്.

Related Articles