Current Date

Search
Close this search box.
Search
Close this search box.

ബശ്ശാര്‍ അസദ് മൃഗമെന്ന് ട്രംപ്

വാഷിങ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്. അസദ് മനുഷ്യ മൃഗമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ സിറിയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാസായുധ പ്രയോഗം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ട്രംപിന്റെ പ്രതികരണം.

ഗൂതയില്‍ നടന്ന രാസായുധ പ്രയോഗത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 85 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യു.എന്നും മറ്റു ലോകരാജ്യങ്ങളും പ്രതിഷേധമറിയിച്ച് രംഗത്തു വന്നതോടെയാണ് ട്രംപും അപലപിച്ചത്. ക്രൂരമായ നടപടിയാണ് റഷ്യയുടേതെന്നും ബറാക് ഒബാമ വിചാരിച്ചിരുന്നെങ്കില്‍ ബഷാര്‍ അസദ് എന്ന മൃഗം ഭൂമുഖത്തുണ്ടാവുമായിരുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു. സിറിയന്‍ സൈന്യത്തിന് സഹായം നല്‍കുന്ന റഷ്യക്കെതിരെയും ട്രംപ് വിമര്‍ശനമുന്നയിച്ചു. അസദ് എന്ന മൃഗത്തെ പിന്തുണക്കുന്നതിന് റഷ്യും ഇറാനും വലിയ വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയാണ് കിഴക്കന്‍ ഗൂതയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചത്. സരിന്‍ എന്ന വിഷവാതകമാണ് പ്രയോഗിച്ചത്. രാസായുധ പ്രയോഗം മൂലം കുഞ്ഞുങ്ങളുടെ വായില്‍ നിന്നും നുരയും പതയും പുറത്തുവന്ന് കൂട്ടത്തോടെ മരിച്ചു കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും ലോകമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് യു.എന്നും മറ്റു ലോക രാജ്യങ്ങളും ശക്തമായ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്.

 

Related Articles