Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശ് ജമാഅത്ത് നേതാവിന് വധശിക്ഷ നല്‍കണമെന്ന ആവശ്യം കോടതി തള്ളി

ധാക്ക: വിമോചന കാലത്തെ യുദ്ധകുറ്റത്തിന്റെ പേരില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ദില്‍വാര്‍ ഹുസൈന്‍ സയീദിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യ തള്ളിയ ബംഗ്ലാദേശ് കോടതി അദ്ദേഹത്തിന്റെ മേലുള്ള ജീവപര്യന്തം ശിക്ഷ ശരിവെച്ചു. ബംഗ്ലാദേശ് സുപ്രീം കോടതി ജീവപര്യന്തം തടവ് എന്ന അതിന്റെ 2014ലെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രമുഖ പാകിസ്താന്‍ ഇംഗ്ലീഷ് മാധ്യമമായ ‘ഡോണ്‍’ റിപോര്‍ട്ട് വ്യക്തമാക്കി. 77കാരനായ സയീദിയുടെ അഭിഭാഷകന്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്ന് വാദിച്ചപ്പോള്‍ ഗവണ്‍മെന്റ് അറ്റോര്‍ണി ജനറല്‍ അദ്ദേഹത്തിന് വധശിക്ഷ നല്‍കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്. ഇരുവാദവും കോടതി തള്ളുകയായിരുന്നു എന്ന് അഭിഭാഷകന്‍ തന്‍വീര്‍ അലി അമീന്‍ എ.എഫ്.പിയോട് പറഞ്ഞു.
വിമോചന കാലത്തെ യുദ്ധകുറ്റങ്ങളുടെ പേരില്‍ മുതീഉറഹ്മാന്‍ നിസാമി അടക്കമുള്ള അഞ്ച് ജമാഅത്ത് നേതാക്കളുടെ വധിശക്ഷി ബംഗ്ലാദേശ് നേരത്തെ നടപ്പാക്കിയിട്ടുണ്ട്. ബംഗ്ലാദേശിലെ യുദ്ധകുറ്റ ട്രൈബ്യൂണല്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വിചാരണ നടപടികള്‍ നടത്തുന്നതെന്ന മനുഷ്യാവകാശ ഗ്രൂപ്പുകളുടെ വിമര്‍ശനം മുഖവിലക്കെടുക്കാതെ 2013ല്‍ സയീദിക്ക് ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചിരുന്നു. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശില്‍ കടുത്ത രാഷ്ട്രീയ പ്രതിഷേധത്തിന് പ്രസ്തുത വിധി വഴിതുറന്നു. ഇസ്‌ലാമിസ്റ്റുകളും പോലീസുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് 2014ല്‍ സുപ്രീം കോടതി വധശിക്ഷാ വിധി ജീവപര്യന്തമാക്കി ചുരുക്കി. ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ യുദ്ധകുറ്റത്തിന് ശിക്ഷിക്കണമെന്ന് കാലങ്ങളായി വാദിച്ചു കൊണ്ടിരുന്ന സെക്യുലറിസ്റ്റുകളെ സുപ്രീം കോടതി വിധി രോഷം കൊള്ളിച്ചു.
കൊലപാതകം, ബലാല്‍സംഗം, ഹിന്ദുക്കള്‍ക്കും പാകിസ്താനില്‍ നിന്നും ബംഗ്ലാദേശ് സ്വതന്ത്രമാകുന്നതിനെ അനുകൂലിച്ചവര്‍ക്കും നേരെയുള്ള പീഡനങ്ങള്‍ തുടങ്ങിയവയാണ് സയീദിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍.

Related Articles