Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശില്‍ രണ്ട് ജമാഅത്ത് നേതാക്കളെ പോലീസ് വെടിവെച്ചു കൊന്നു

ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രണ്ട് നേതാക്കളെ പോലീസ് വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച നടന്ന റെയ്ഡിനിടയില്‍ പടിഞ്ഞാറന്‍ ജില്ലയായ ജെനെയിധയില്‍ നിന്നുമുള്ള ഒരു ജമാഅത്ത് നേതാവും വിദ്യാര്‍ഥി സംഘടനാ നേതാവുമാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യേഗസ്ഥന്‍ അസ്ബഹാര്‍ അലി ശൈഖ് സ്ഥിരീകരിച്ചു. റെയിഡിനിടയില്‍ അവര്‍ കൈത്തോക്ക് ഉപയോഗിച്ച് പോലീസിന് നേരെ വെടിവെക്കുകയും സ്‌ഫോടക വസ്തുക്കള്‍ എറിയുകയുമായിരുന്നുവെന്നും അപ്പോള്‍ പോലീസ് തിരിച്ച് നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഇവരെ പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇവര്‍ വെടിവെപ്പിനിടയിലാണ് കൊല്ലപ്പെട്ടതെന്ന വാദം ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ ശക്തമായി നിഷേധിച്ചു. ഇരുവരെയും കഴിഞ്ഞ മാസാദ്യത്തില്‍ മഫ്തി പോലീസ് കസ്റ്റഡിയിലെടുത്തതായി അവര്‍ പറഞ്ഞു. ഇത് പോലീസിന്റെ വ്യാജ വാദമാണെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ മറ്റൊരു ജമാഅത്ത് നേതാവിനെയും കൊലപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു.
ഈ മരണങ്ങള്‍ ഞങ്ങളില്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതായും സംഭവത്തെപ്പറ്റി ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൂര്‍ ഖാന്‍ പറഞ്ഞു. ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതങ്ങളാണോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. ഇരുവരെയും കാണാതായതായി നേരത്തെ ഒരു പ്രാദേശിക പത്രം റിപ്പേര്‍ട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ ആദ്യവാരത്തില്‍ ധാക്കയിലെ കഫേയില്‍ നടന്ന വെടിവെപ്പിനു ശേഷമാണ് ബംഗ്ലാദേശ് സുരക്ഷാസേന തീവ്രവാദികളാണെന്ന് സംശയിക്കുന്നവരെ അടിച്ചമര്‍ത്താന്‍ വേണ്ടിയുള്ള ഓപറേഷന്‍ ആരംഭിച്ചത്. അന്ന് വിദേശികള്‍ ഉള്‍പ്പെടെ 20ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഐ.എസ് അനുകൂല സംഘടനയായ ‘തക്ഫിരി’ ഏറ്റെടുത്തിരുന്നെങ്കിലും സര്‍ക്കാര്‍ വൃത്തങ്ങള്‍ അത് നിഷേധിക്കുകയായിരുന്നു. രാജ്യത്ത് ഐ.എസിന്റെ സാന്നിധ്യമില്ലെന്നും ആക്രമണത്തിന് പിന്നില്‍ അന്താരാഷ്ട്ര കുറ്റകൃത്യ സംഘങ്ങളുടെ പങ്ക് അന്വേഷിക്കുമെന്നായിരുന്നു അന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ സേനയുടെ അടിച്ചമര്‍ത്തലുകള്‍ പ്രധാനമായും പ്രതിപക്ഷത്തെ ലക്ഷ്യംവെച്ചുള്ളതാണെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഭരണകൂടം ജമാഅത്തെ നേതാക്കളെ ഉന്മൂലനം ചെയ്തികൊണ്ടിരിക്കുന്നതായി സംഘടന ആരോപിച്ചു. 1971 ലെ യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ ചില മുതിര്‍ന്ന നേതാക്കളെ ഈയിടെ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു.

Related Articles