Current Date

Search
Close this search box.
Search
Close this search box.

ഫൗസി അല്‍ ജുനൈദിന്റെ തടങ്കല്‍ ഇസ്രായേല്‍ നീട്ടി

റാമല്ല: സൈനികരെ കല്ലെറിഞ്ഞെന്നാരോപിച്ച് ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്ത 16ഉകാരന്‍ ഫൗസി അല്‍ ജുനൈദിന്റെ തടങ്കല്‍ കാലാവധി നീട്ടി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഫൗസി അല്‍ ജുനൈദിനെ ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. ഇരുപതോളം വരുന്ന സര്‍വസന്നാഹത്തോടെയുള്ള സൈനികര്‍ കണ്ണുകെട്ടി മര്‍ദിച്ചവശനാക്കി ജുനൈദിനെ തെരുവിലൂടെ നടത്തിക്കൊണ്ടു പോയത് ഏറെ വിമര്‍ശന വിധേയമായിരുന്നു.

വെസ്റ്റ്ബാങ്ക് നഗരമായ ഹെബ്രോണില്‍ വച്ചായിരുന്നു സംഭവം നടന്നത്. ഇസ്രായേല്‍ സൈന്യം നിരായുധരായ ഫല്‌സതീന്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരതയും സൈന്യത്തിന്റെ ഭീരുത്വവും ആ ചിത്രത്തില്‍ പ്രകടമായിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക പ്രതിഷേധവും എതിര്‍പ്പുമാണ് ഇസ്രായേല്‍ സൈന്യത്തിനു നേരെ ഉയര്‍ന്നത്.

ഡൊണാള്‍ഡ് ട്രംപ് ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച ബാലനെയാണ് കല്ലെറിഞ്ഞെന്നു പറഞ്ഞ് പിടികൂടുന്നത്. എന്നാല്‍ താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നാണ് ജുനൈദ് പറയുന്നത്. ഇസ്രായേല്‍ സൈനിക കോടതിയാണ് ജുനൈദിന്റെ വിചാരണ നടത്തിയത്. താന്‍ ബന്ധുവീട്ടില്‍ പോയി മടങ്ങവേ സൈനികരുടെ മുന്നില്‍ പെടുകയും അവര്‍ തന്നെ അറസ്റ്റു ചെയ്യുകയും തുടരെ അടിക്കുകയും കണ്ണുകെട്ടിയ ശേഷം വലിച്ചിഴക്കുകയായിരുന്നെന്നും ജുനൈദ് കോടതിയില്‍ പറഞ്ഞു.

ശേഷം ബുധനാഴ്ച വരെ ജുനൈദ് മിലിട്ടറി ജയിലിലായിരുന്നു. ഈ കാലാവധിയാണ് കോടതി വീണ്ടും നീട്ടിയത്. ട്രംപിന്റെ നിലപാടിനെതിരേ ഫലസ്തീനില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പ്രക്ഷോഭത്തെത്തുടര്‍ന്ന്  ഇതിനോടകം ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും നൂറുകണക്കിനാളുകളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.  

 

 

Related Articles