Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സ് ‘ഇസ്‌ലാമിക തീവ്രവാദ ഭീഷണി’യുടെ നിഴലില്‍: ഫ്രഞ്ച് പ്രസിഡന്റ്

പാരീസ്: ഫ്രാന്‍സിലെ നൈസില്‍ ദേശീയ ദിനാഘോഷത്തിനിടെ ട്രക്ക് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ ‘തീവ്രവാദ സ്വഭാവം’ നിഷേധിക്കാനാവില്ലെന്നും ഫ്രാന്‍സ് ‘ഇസ്‌ലാമിക തീവ്രവാദ ഭീഷണിയുടെ’ നിഴലിലാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്റ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും അദ്ദേഹം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറിയയിലും ഇറാഖിലും ഫ്രാന്‍സ് അതിന്റെ ഇടപെടല്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
കരിമരുന്ന് പ്രയോഗം കാണുകയായിരുന്ന ആയിരക്കണക്കിന് പേരുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് അക്രമി മനുഷ്യക്കുരുതി നടത്തിയത്. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു. ആക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെടുകയും നൂറില്‍ പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അമിതവേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ജനങ്ങളെ ഇടിച്ചവീഴ്ത്തി ട്രക്ക് രണ്ട് കിലോമീറ്ററോളം മുന്നോട്ട് പോയി. പാഞ്ഞുവരുന്ന ട്രക്ക് കണ്ട് പരിഭ്രാന്തരായ ജനക്കൂട്ടം നിലവിളിച്ചു കൊണ്ട് ഓടി മാറുകയായിരുന്നു. തെക്കന്‍ ഫ്രാന്‍സിലെ സുഖവാസ നഗരമാണ് നൈസ്.
അതേസമയം, ആക്രമണം നടത്തിയ ട്രക്ക് െ്രെഡവര്‍ 31കാരനായ ഫ്രഞ്ച്ടുനീഷ്യന്‍ വംശജനാണെന്ന് വിവരം ലഭിച്ചു. ട്രക്കില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരമാണ് ഫ്രഞ്ച് അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക നിഗമനം. ടുനീഷ്യയില്‍ ജനിച്ച ഇയാള്‍ ഭീകരാക്രമണം നടന്ന നൈസില്‍ തന്നെ താമസിക്കുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. രേഖകളില്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വാര്‍ത്താ ഏജന്‍സ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ട്രക്കിലുണ്ടായിരുന്ന അക്രമികള്‍ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തോക്കുകളും ഗ്രനേഡുകളും ട്രക്കിനുള്ളില്‍ കണ്ടെത്തിയെന്ന് പൊലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ആക്രമണത്തെ കുറിച്ച് പാരിസ് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചു.
സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അടക്കമുള്ള ലോകനേതാക്കള്‍ അപലപിച്ചു. നൈസ് അക്രമണത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക് ഇരുവരും ആദരമര്‍പ്പിച്ചു.

Related Articles