Current Date

Search
Close this search box.
Search
Close this search box.

ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 400 ഫലസ്തീനികള്‍

ഇസ്രായേല്‍: 2015 ഒക്ടോബറില്‍ ഖുദ്‌സില്‍ തുടക്കം കുറിച്ച ഇന്‍തിഫാദക്ക് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ഇസ്രായേല്‍ ഭരണകൂടം ജയിലിലടച്ച ഫലസ്തീനികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഫലസ്തീനികളെയും അവരുടെ സോഷ്യല്‍മീഡിയ ഇടപെടലുകളെയും സംബന്ധിച്ച വിശദമായ വിവരങ്ങളടങ്ങിയ ഒരു ഡാറ്റാബേസ് ‘ബിഗ് ഡാറ്റ’ എന്ന പേരില്‍ തയ്യാറാക്കുന്ന ഇസ്രയേല്‍ ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു. ഫലസ്തീന്‍ പ്രസിദ്ധീകരണങ്ങളും പ്രതികരണങ്ങളും ഓട്ടോമാറ്റികായി രേഖപ്പെടുത്തപ്പെടുന്ന സംവിധാനമാണിത്. ഈ സംവിധാനത്തിലൂടെ ഇസ്രേയലികള്‍ക്കെതിരെ ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തെ കുറിക്കുന്ന പോസ്റ്റുകളും കമന്റുകളും നിരീക്ഷിക്കപ്പെടുമെന്നും പത്രം സൂചിപ്പിച്ചു.
ആക്രമണങ്ങള്‍ക്ക് തടയിടുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഈ നീക്കം വളരെ ഫലപ്രദമാണെന്നാണ് തെളിയിക്കുന്നതെന്നും ഇസ്രയേല്‍ പത്രം അഭിപ്രായപ്പെടുന്നു. ആക്രമണം നടത്താനുദ്ദേശിക്കുന്ന രണ്ട് വ്യക്തികളെ തിരിച്ചറിഞ്ഞ് ആക്രമണം തടയാനും അവരെ അറസ്റ്റ് ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നാണ് ഇസ്രയേല്‍ വാദം. ഈ രീതിയിലൂടെ 2200 ഫലസ്തീനികളെ ഇസ്രയേല്‍ സുരക്ഷാ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹാരെറ്റ്‌സ് വെളിപ്പെടുത്തി. തുടരന്വേഷണത്തില്‍ ആക്രമണം നടത്താന്‍ ഉദ്ദേശ്യമുള്ളവരായി കണ്ടെത്തിയ 400 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതില്‍ ചിലരെയെല്ലാം ചോദ്യം ചെയ്യുകയും മറ്റുള്ളവരെ അഡിമിനിസ്‌ട്രേറ്റിവ് തടങ്കലിലേക്ക് മാറ്റുകയും ചെയ്തതായും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.
ഫലസ്തീനികളുടെ ആക്രമണത്തില്‍ കുറവു വരാനുണ്ടായ കാരണം ഇസ്രയേല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളും ആക്രമണം കൊണ്ട് ഒരു രാഷ്ട്രീയ നേട്ടവും തങ്ങള്‍ക്കില്ലെന്ന ബോധ്യം ഫലസ്തീനികളില്‍ ഉറപ്പിക്കാന്‍ സാധിച്ചതുമാണെന്നും ഇസ്രയേല്‍ പത്രം അഭിപ്രായപ്പെട്ടു. ഇസ്രയേല്‍ ഇന്റലിജന്‍സ് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സുരക്ഷാ വിഭാഗവും ആക്രമണങ്ങള്‍ തടയുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles