Current Date

Search
Close this search box.
Search
Close this search box.

ഫാസിസത്തെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണം: പി.കെ കുഞ്ഞാലിക്കുട്ടി

മനാമ: ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള ഫാസിസത്തിന്റെ  കടന്നു കയറ്റം തടയാന്‍ സമാന മനസ്‌കരായ മതേതര കക്ഷികളടക്കമുള്ള കക്ഷികള്‍ ചേര്‍ന്ന് ഫാസിസ്റ്റ് വിരുദ്ധ ചേരി ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ  ആവശ്യമാണെന്ന് മലപ്പുറം പാര്‍ലമെന്റ് അംഗവും മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബഹ്‌റൈനിലത്തെിയ അദ്ദേഹവുമായി ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു. ഫാസിസ്റ്റ് കക്ഷികള്‍ക്ക് ഇന്ത്യയുടെ  മതേതരത്വത്തെ തകര്‍ത്ത് മുന്നോട്ട് പോകാന്‍ സാധിക്കുകയില്ല. അത്രവേഗം കീഴ്‌പ്പെടുന്ന മതേതര മനസ്സല്ല ഇന്ത്യക്കാര്‍ക്കുള്ളത്. എല്ലാ മത സമൂഹങ്ങളും ഒന്നിച്ച് നിന്ന് രാജ്യത്തെ വളര്‍ത്തിയ പാരമ്പര്യമാണ് നൂറ്റാണ്ടുകളായി ഇന്ത്യ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും മതത്തിന്റെ  അടിസ്ഥാനത്തില്‍ രാജ്യം കീഴൊതുങ്ങാന്‍ ഇവിടുത്തെ മതേതര പാര്‍ട്ടികള്‍ സമ്മതിക്കില്ല. രാജ്യം കാത്തുസൂക്ഷിച്ച മതേതരത്വവും മത സഹിഷ് ണുതയും നിലനിര്‍ത്തുന്നതിന് ഒന്നിച്ച് നില്‍ക്കാനും പ്രവര്‍ത്തിക്കാനും സാധിക്കേണ്ടതുണ്ട്. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ തമ്മില്‍ സൗഹൃദം ശക്തിപ്പെടുത്തുന്നതിനും അവരെ മതേതര ചേരിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും മുസ്‌ലിം ലീഗ് ശ്രമിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കുറ്റിയാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുമായും സംഘം കൂടിക്കാഴ്ച്ച നടത്തി. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍, വൈസ് പ്രസിഡന്റ് ഇ.കെ സലീം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം. അബ്ബാസ്, അബ്ദുല്‍ മജീദ് തണല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles