Current Date

Search
Close this search box.
Search
Close this search box.

ഫാഷിസത്തെ ധീരമായി അഭിമുഖീകരിക്കുക: പി. മുജീബുറഹ്മാന്‍

ന്യൂഡല്‍ഹി: പശു കേന്ദ്രീകൃതമായ ജനാധിപത്യത്തെ നിര്‍മ്മിച്ചെടുക്കുന്ന ഭരണാധികാരികളും, ഹിംസാത്മക രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസത്തിന്റെ മൂര്‍ത്ത ഭാവങ്ങളെ മാനിഫെസ്‌റ്റേറ്റ് ചെയ്യുകയാണെന്നും, കാമ്പസുകളിലും പൊതു ഇടങ്ങളിലും പള്ളി മിമ്പറുകളിലും നിന്നും ഇസ്‌ലാമിക അധ്യാപനങ്ങളും ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന വിമോചന പാഠങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് മുസ്‌ലിം ചെറുപ്പക്കാര്‍ ഈ സന്ദര്‍ഭത്തെ ധീരമായി അഭിമുഖീകരിക്കുകയാണ് വേണ്ടതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി. മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ഓഖ്‌ലയിലെ മര്‍കസ് കാമ്പസില്‍ ഇസ്‌ലാം സന്തുലിതമാണ് എന്ന ശീര്‍ഷകത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഡല്‍ഹി മലയാളി ഹല്‍ഖ സംഘടിപ്പിച്ച ദല്‍ഹി മലയാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.
പ്രധാനമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും യോഗ്യതകള്‍ അധികാരം ലഭിക്കുന്ന പാര്‍ട്ടികള്‍ എങ്ങോട്ടേക്കാണ് രാജ്യത്തെ നയിക്കുന്നത് എന്നതാണ് പ്രതിഫലിപ്പിക്കുന്നത്. സമീപകാലത്ത് കാമ്പസുകളില്‍ ശക്തിപ്പെട്ട ദളിത്, ബഹുജന, മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ സാമൂഹിക നീതിക്കും, ഉന്നത പഠന ഗവേഷണ രംഗത്തുള്ള അതിജീവനത്തിനും വേണ്ടിയുള്ള സമരങ്ങളെ അദൃശ്യമാക്കാനുള്ള ഭരണകൂട അജണ്ടകളെ നാം തിരിച്ചറിയണമെന്നും, വംശീയതയിലും ജാതിയതയിലും ഊന്നിനിന്നുകൊണ്ടുള്ള ഫാഷിസത്തോടുള്ള പ്രതികരണങ്ങള്‍ മാത്രമല്ല കാമ്പസുകളില്‍ നടക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലുടനീളം സര്‍വ്വകലാശാലകളില്‍ ഇസ്‌ലാമിക സമൂഹത്തിന്റെ പ്രാധിനിത്യം തങ്ങളുടെ രാഷ്ട്രീയ നിലപാടുകളിലൂടെയും സര്‍ഗാത്മക ഇടപെടലുകളിലൂടെയും കൊത്തിവെച്ചിട്ടുള്ളവരാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥികളെന്നും, ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകളെ നിര്‍ണയിക്കുന്നതിലും സജീവമായ ഇടപെടലുകള്‍ കാമ്പസുകളില്‍ നിന്നുമാണ് രൂപപ്പെട്ടിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി മലയാളി ഹല്‍ഖ പ്രസിഡണ്ട് പി.കെ നൗഫല്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരളയുടെ വിദ്യാര്‍ത്ഥിനി വിഭാഗം മുന്‍ അദ്യക്ഷ പി.റുക്‌സാന മുഖ്യപ്രഭാഷണം നടത്തി, ‘പ്രമുഖ’ നടിയുള്‍പ്പെടെ ‘പൊതു’ ഇടങ്ങളില്‍ അതിക്രൂരമായി കയ്യേറ്റം ചെയ്യപ്പെടുമ്പോള്‍ ഭരണകൂടം മുത്വലാഖില്‍ നിന്നും, സെക്കുലര്‍ ലിബറല്‍ സ്ത്രീ വാദികള്‍ മുസ്‌ലിം സ്ത്രീയെ അവളുടെ വസ്ത്രത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണെന്നും, മലാലയെ ഉയര്‍ത്തികാട്ടി കേരളത്തില്‍ ഇടത്പക്ഷവും ഇതേ മുതലക്കണ്ണീരാണ് മുസ്‌ലിം സ്ത്രീയോട് ഉന്നയിക്കുന്നതെന്നും അവര്‍ ചൂണ്ടികാട്ടി,
വൈദേശിക അധിനിവേശത്തോടെ പിന്നാക്കം പോയ സമുദായത്തിന്റെ ഭാഗമാണ് സ്ത്രീകളെന്നും, മുസ്‌ലിം സമൂഹത്തിനകത്ത് നിന്നുതന്നെ കഴിഞ്ഞ ദശാബ്ദങ്ങളില്‍ നടന്നിട്ടുള്ള ശക്തമായ ഇടപെടലുകളുടെ ഫലമായാണ് മുസ്‌ലിം വിദ്യാര്‍ത്ഥിനികളും സ്ത്രീകളും വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ മികച്ച അടയാളപ്പെടുത്തലുകള്‍ ഇന്ത്യയില്‍ കൈവരിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ വിവിധ കാമ്പസുകളില്‍ ഉന്നത പഠന ഗവേഷണ മേഖലകളില്‍ മികവ് തെളിയിക്കുന്ന ഭരണകൂട ഹിംസകളോടും, പുരുഷ കേന്ദ്രീകൃത പുരോഹിത അധികാരത്തോടും ‘തര്‍ക്കിക്കുന്നവള്‍’ (മുജാദില) കൂടിയായ മുസ്‌ലിം സ്ത്രീകളെ യഥാര്‍ത്ഥത്തില്‍ ഖുര്‍ആനിന്റെ തന്നെ അടിത്തറകളില്‍ നമുക്ക് വായിച്ചെടുക്കുവാന്‍ സാധിക്കണമെന്നും റുക്‌സാന കൂട്ടിചേര്‍ത്തു.
നോയിഡ, ഗാസിയാബാദ്, ഗുഡ്ഗാവ, ഫരീദാബാദ്, തുടങ്ങി ഡല്‍ഹിയിലെ സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും സംഗമത്തില്‍ പ്രതിനിഥികളായി പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ ഉപാധ്യക്ഷന്‍ ടി. ആരിഫലി സംഗമത്തിന് ആശംസകള്‍ നേര്‍ന്നു, കേരളാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സമാപന ഭാഷണവും, പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. സിക്രട്ടറി മന്‍സൂര്‍ സ്വാഗതം പറഞ്ഞ സംഗമത്തില്‍ റഹീമുദ്ധീന്‍ ഉമരി (ജെ.എന്‍.യു) ഗഫാര്‍, അബ്ദുല്ല (ജാമിഅ മില്ലിയ) തുടങ്ങിയവര്‍ ഗാനമാലപിച്ചു. ഡല്‍ഹി മലയാളി സംഗമത്തിന്റെ കണ്‍വീനര്‍ തൗഫീഖ് മുഹമ്മദ് നന്ദി പറഞ്ഞു.

Related Articles